ഗുരുവായൂർ > ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് ആറിന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ അധ്യക്ഷനാകും. ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും. സംസ്ഥാന പുരസ്‌കാരം ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗം വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും. എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിനു ശേഷം ചെമ്പൈ പുരസ്കാര സ്വീകർത്താവായ എ കന്യാകുമാരിയുടെ സംഗീതക്കച്ചേരി അരങ്ങേറും.
ബുധൻ രാവിലെ മുതൽ സംഗീതാർച്ചന ആരംഭിക്കും. വൈകിട്ട് ആറ് മുതൽ പത്ത് വരെ രാജ്യത്തെ വിശേഷാൽ കച്ചേരികൾ അവതരിപ്പിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ വീട്ടിൽ നിന്ന് 25ന് ഏറ്റുവാങ്ങും. 26 ന് വൈകിട്ട് ആറോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ എതിരേൽപ്പോടെ എത്തിച്ച് സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും.
വേദി ഗുരുവായൂർ ക്ഷേത്രം മാതൃകയിൽ
ഗുരുവായൂർ > ചെമ്പൈ സംഗീതോത്സവത്തിൽ സംഗീത മണ്ഡപം ഇത്തവണ ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ. ദേവസ്വം ചുവർച്ചിത്ര പഠനകേന്ദ്രം അധ്യാപകരും വിദ്യാർഥികളുമാണ് വേദി ഒരുക്കുന്നത്. ഗുരുവായൂർ ക്ഷേത്ര ചുറ്റമ്പല വാതിലിനു മുകൾ ഭാഗത്തിന് സമാനമായി ഗജലക്ഷ്മിയുടെ ശില്പവും താഴെ ഗുരുവായൂർ കേശവന്റെ കൊമ്പും എന്ന മാതൃകയിലാണ് മണ്ഡപം. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി ദ്വാരപാലകരുടെ ശില്പങ്ങളാണ്. കൂടാതെ വ്യാളീ രൂപവുമുണ്ട്. സംഗീതോത്സവത്തിന്റെ അമ്പത് വർഷം പ്രമാണിച്ച് അമ്പത് മൺചിരാതുകൾ സ്ഥാപിക്കുന്നുണ്ട്.
ഗുരുവായൂർ ദേവസ്വം ചുവർച്ചിത്രപഠനകേന്ദ്രം പ്രിൻസിപ്പൽ എം നളിൻബാബുവിന്റെ നേതൃത്വത്തിൽ നാലാം വർഷ വിദ്യാർഥികളായ ടി എസ് അഭിജിത്ത്, കെ എസ് വിഷ്ണു, അഖില ബാബു, പി എസ് കവിത, അപർണ ശിവാനന്ദ്, എം സ്നേഹ, അഞ്ചാം വർഷ വിദ്യാർഥിനി എ ജെ ശ്രീജ, ഒന്നാം വർഷ വിദ്യാർഥികളായ നവനീത് ദേവ് , കെ അനിരുദ്ധ്, സി അഭിൻ, കെ എ ഗോവർധൻ, പൂജ, അഞ്ജലി, ദുർഗ, ദേവി നന്ദന എന്നിവരാണ് സംഗീത മണ്ഡപം തയ്യാറാക്കുന്നത്. 13 വർഷമായി ചെമ്പൈ സംഗീതമണ്ഡപത്തിന്റെ മരപ്പണികൾ ചെയ്യുന്നത് ചമ്മണ്ണൂർ സ്വദേശിയായ ശിഖാമണി (സുകു) ആണ്.
തെർമോ കോൾ, ഫോറസ് ഷീറ്റ്, പ്ലൈവുഡ്, തുണി പട്ടിക എന്നിവ ഉപയോഗിച്ചാണ് മണ്ഡപം നിർമിച്ചിരിക്കുന്നത്. സംഗീതോത്സവം നടക്കുന്ന മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ വലതു ഭാഗത്തായി ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുന്ന ശിൽപ്പവും മുൻ വശത്തായി അഞ്ച് തട്ടുകളുള്ള ദീപസ്തംഭവും ഉണ്ട്. ആസ്വാദകർക്ക് ഫോട്ടോ എടുക്കുന്നതിനായി സെൽഫി കോർണറും നിർമിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..