തിരുവനന്തപുരം
ചെങ്ങന്നൂർ-–- പമ്പ അതിവേഗ റെയിൽ ട്രാൻസിറ്റ് പദ്ധതിക്കുള്ള അലൈൻമെന്റും എസ്റ്റിമേറ്റും ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിന് സമർപ്പിച്ചു. പദ്ധതിയുടെ എസ്റ്റിമേറ്റ് 6480 കോടി രൂപയാണ്. പൂർത്തിയാകുമ്പോൾ ചെലവ് 7208.24 കോടിയായി ഉയരും.
പദ്ധതി പൂർത്തിയാക്കാൻ അഞ്ചുവർഷം വേണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ട്രാക്കിന്റെ പരമാവധി വേഗം 200 കിലോമീറ്ററാകും. ഇരട്ടപ്പാതയായാണ് വിഭാവനം ചെയ്യുന്നത്. 213.687 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. 14.34 കിലോമീറ്റർ നീളമുള്ള 20 തുരങ്കങ്ങളും 14.523 കിലോമീറ്റർ നീളമുള്ള 22 പാലങ്ങളും ഉൾപ്പെടും. അതിവേഗ റെയിൽ ട്രാൻസിറ്റ് പാതയിൽ ചെങ്ങന്നൂർ, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. 81.367 ഹെക്ടർ വനഭൂമിയിലൂടെയാണ് പാത കടന്നുപോകുക. പാതയ്‌ക്ക് റെയിൽവേ ബോർഡിന്റെയും കേന്ദ്രമന്ത്രിസഭയുടെയും അന്തിമാനുമതി ലഭിച്ചാലേ സ്ഥലം ഏറ്റെടുക്കാനാകൂവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പുതിയ പാത വരുന്നതിന് സംസ്ഥാന സർക്കാരിന് എതിർപ്പില്ലെന്നും അങ്കമാലി–-ശബരി പാതയ്‌ക്ക് ബദലായി ഇതിനെ കാണരുതെന്നും സംസ്ഥാന റെയിൽവേ മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ശബരി പദ്ധതിയുടെ നിർമാണച്ചെലവിന്റെ പകുതിതുക സംസ്ഥാനം നൽകണമെന്നാണ് കേന്ദ്രം അറിയിച്ചത്. കിഫ്‌ബി വായ്പ സംസ്ഥാനത്തിന്റെ കടമമെടുപ്പ് പരിധിയിൽപ്പെടുത്താതിരുന്നാൽ തുക നൽകാൻ തയ്യാറാണെന്ന് റെയിൽവേമന്ത്രാലയത്തിന് സംസ്ഥാനത്തിന് കത്ത് നൽകിയിട്ടുണ്ട്. പകർപ്പ് ധനമന്ത്രാലയത്തിനും അയച്ചിട്ടുണ്ട്. ശബരി പാത യാഥാർഥ്യമാക്കണമെന്നാണ് സർക്കാരിന്റെ താൽപ്പര്യമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..