22 November Friday
ശബ്‌ദങ്ങൾ

ചേന്നനും ചണ്ണയും സുരക്ഷിതർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

പുഞ്ചിരിമട്ടത്തെത്തിയ ചേന്നൻ മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനുമൊപ്പം

ചൂരൽമല> ചേന്നനും ഭാര്യ ചണ്ണയ്‌ക്കും വളർത്തുനായയെ വിട്ട്‌ പുഞ്ചിരിമട്ടം ഇറങ്ങാനാകുമായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന നാല്‌ കുടുംബങ്ങളെ പെരുമഴ തുടങ്ങിയ പകലിൽ ഉദ്യോഗസ്ഥർ ക്യാമ്പിലേക്ക്‌ മാറ്റി. ചണ്ണ പോയെങ്കിലും തിരികെ മടങ്ങി. രാത്രിയിൽ പുഞ്ചിരിമട്ടം പൊട്ടിയൊഴുകി. ചേന്നനെയും ചണ്ണയെയും ഓർത്ത്‌ ആശങ്കയായി.

ബെയ്‌ലി പാലം വന്നതോടെ ഉദ്യോഗസ്ഥർ പുഞ്ചിരിമട്ടത്തെത്തി.  നാടാകെ ഒലിച്ചുപോയിട്ടും ഗോത്രവീടുകൾ സുരക്ഷിതം. വീടുകളോട്‌ ചേർന്ന്‌ ഉരുളൊഴുകി. ചേന്നനെയും ചണ്ണയേയും കാണാനായില്ല. തണ്ടർബോൾട്ട്‌ സേനയും വനപാലകരും കാട്‌ അരിച്ചുപെറുക്കിയിട്ടും ഫലമുണ്ടായില്ല. വീടുകളിലൊന്നിൽനിന്ന്‌ ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോയതായി മനസ്സിലാക്കിയതോടെ പ്രതീക്ഷയായി. കാത്തിരിപ്പിനൊടുവിൽ ബന്ധുവിന്റെ ഫോണിലേക്ക്‌ തിങ്കളാഴ്ച ചേന്നന്റെ വിളിയെത്തി. വീണ്ടും വിളിച്ചാൽ വീട്ടിൽ അരിയും മുറുക്കാനും വച്ചിട്ടുണ്ടെന്ന്‌ പറയാൻ ഏൽപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഉദ്യോഗസ്ഥർ പുഞ്ചിരിമട്ടം കാടുകയറുമ്പോൾ.

വീട്ടിലേക്ക്‌ വരുന്ന ചേന്നനെ കണ്ടു. താഴേ‌ക്ക്‌ വിളിച്ചപ്പോൾ വിസമ്മതം. നിർബന്ധത്തിൽ താഴെ എത്തിയ ചേന്നനെ മന്ത്രിമാർ കെ രാജനും എ കെ ശശീന്ദ്രനും കണ്ടു. വളർത്തുനായയും ഭാര്യയും കാട്ടിലാണെന്നും തേൻ എടുത്ത്‌ വിൽക്കണമെന്നും പറഞ്ഞു. തേൻ വാങ്ങാമെന്ന്‌ മന്ത്രിമാർ പറഞ്ഞപ്പോൾ തിരികെപോയി തേനുമായി വന്നു. ഭാര്യയെയുംകൂട്ടി സുരക്ഷിത സ്ഥാനത്തേക്ക്‌ മാറണമെന്നും തേൻ മുഴുവൻ തങ്ങൾ വാങ്ങാമെന്നും മന്ത്രിമാർ പറഞ്ഞു.  കാട്ടിൽ ഒരു തേൻകൂട്‌കൂടി ഉണ്ടെന്നും അതെടുത്ത്‌ ബുധനാഴ്‌ച ചണ്ണയേയും കൊണ്ടുവരാമെന്ന്‌ ഉറപ്പ്‌ നൽകി വീണ്ടും കാടുകയറി. ഉദ്യോഗസ്ഥർ  ഭക്ഷ്യസാധനങ്ങൾ കൊടുത്തയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top