‘രണ്ടുപെൺകുട്ടികൾ’ കണ്ടാണ് മോഹനെ പരിചയപ്പെടുന്നത്. ത്രില്ലടിച്ചുനിൽക്കുന്ന സമയം. തിരുവനന്തപുരം മാർ ഇവാനിയോസിൽ ബിരുദപഠനകാലത്താണ് അത്. അദ്ദേഹവുമായി പത്തുവയസ്സിലധികം ഇളപ്പമുണ്ട്. സിനിമകളോട് താൽപ്പര്യമുണ്ടായിരുന്നതുകൊണ്ടാകും ഒരടുപ്പം മോഹന് ഉണ്ടായിരുന്നു. എപ്പോൾ തിരുവനന്തപുരത്ത് വന്നാലും വിളിക്കുമായിരുന്നു. അദ്ദേഹത്തിന് എന്നെ വിളിക്കണ്ട ഒരു കാര്യവുമില്ല. എങ്കിലും അത് തുടർന്നു. അദ്ദേഹവുമായി നടത്തിയ ചർച്ചകളും സംസാരങ്ങളും നല്ല സിനിമയെക്കുറിച്ച് എന്നിൽ ധാരണയുണ്ടാക്കി.
സിനിമ എഴുത്ത് എന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല. എം ജി സോമനുമായി അടുപ്പമുണ്ടായിരുന്നു അന്ന്. മാർ ഇവാനിയോസിലെ പഠനത്തിനുശേഷം ഞാൻ മെഡിക്കൽ കോളേജിൽ ചേർന്നു. ‘ശാലിനി എന്റെ കൂട്ടുകാരി’യുടെ ഡബ്ബിങ് നടക്കുമ്പോഴാണ് ആദ്യമായി കാണാൻ പോയത്. അന്ന് വേണു നാഗവള്ളിയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. അങ്ങനെയാണ് ഞാൻ ഒരു എഴുത്തുകാരനായത്. അതിന് ഒരുകാരണക്കാരൻ മോഹനാണ്. മോഹനുമായുള്ള അടുപ്പവും സിനിമകളെക്കുറിച്ച് നൽകിയ അറിവുമാണ് വേണുവിനെപ്പോലെ ഒരാളുടെകൂടെ ഇരിക്കാൻ ധൈര്യം നൽകിയത്. എഴുത്തുകാരനായി മാറിയശേഷമാണ് മോഹനുവേണ്ടി ‘പക്ഷേ’ എഴുതുന്നത്. സാക്ഷ്യം, ക്യാമ്പസ് എന്നീ ചിത്രങ്ങൾകൂടി അദ്ദേഹത്തിനുവേണ്ടി എഴുതി. കൽപ്പകവാടിയിലെ എന്റെ വീട്ടിൽ ഇരുന്നാണ് അവ എഴുതിയത്. ഓരോ സീനും തീരുമാനിക്കുന്നത് ചർച്ചയിലൂടെയായിരുന്നു. ഞങ്ങളുടെ ആ കൂട്ടുകെട്ടിലേക്കാണ് പിന്നീട് നടൻ മുരളി എത്തിയത്. സാക്ഷ്യത്തിൽ മുരളിയായിരുന്നു നായകൻ.
ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാത്ത സിനിമാക്കാരനാണ് മോഹൻ. മനുഷ്യബന്ധങ്ങളെയും തീവ്രമായ അനുഭവങ്ങളെയും കുറിച്ചാണ് അദ്ദേഹം സിനിമയെടുത്തത്. ഭരതൻ, കെ ജി ജോർജ് എന്നിവരെപ്പോലെ സെലിബ്രിറ്റി സ്‌റ്റാറ്റസ് അദ്ദേഹത്തിന് കിട്ടാതെപോയി. ജോൺ പോൾ ഒക്കെയാണ് അദ്ദേഹത്തിന്റെ ആദ്യകാല പടങ്ങൾക്ക് എഴുതിയിരുന്നത്. സിനിമകളുടെ ചർച്ചയിലൊക്കെ അദ്ദേഹം എന്നെയും കൊണ്ടിരുത്തി. ഞങ്ങൾതമ്മിൽ സിനിമാബന്ധമല്ല. ഒരു ജ്യേഷ്‌ഠാനുജ ബന്ധമായിരുന്നു. അധികം ആൾക്കാരുമായി അടുക്കുന്ന ആളായിരുന്നില്ല. വേഷം കണ്ടാൽ ഒരുഎക്‌സിക്യൂട്ടീവാണെന്ന് തോന്നും. എന്നാൽ, നന്നായി നർമം പറയുന്ന ആളാണ്. ഒരുപാട് നർമമുള്ള സിനിമകൾ ചെയ്‌തിട്ടുണ്ട്.
ആദ്യമായി ഞാൻ എഴുതി വേണു നാഗവള്ളി സംവിധാനം ചെയ്‌ത സിനിമ മുതൽ എല്ലാം മോഹൻ കണ്ടിട്ടുണ്ട്. അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒന്നരവർഷമായി അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടെ, പലതവണ എറണാകുളത്തെത്തി കണ്ടിരുന്നു. ഒടുവിൽ ഒരുമാസംമുമ്പാണ് കണ്ടത്. മധ്യവർത്തി സിനിമയുടെ ശക്തരായ പ്രയോക്താക്കളിൽ ഒടുവിലത്തെ കണ്ണിയാണ് വിടവാങ്ങിയത്. ഭരതൻ, പത്മരാജൻ, കെ ജി ജോർജ് എന്നിവരായിരുന്നു അതിലെ മറ്റുള്ളവർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..