23 December Monday

കോഴിവില ഇടിഞ്ഞു ; മൂന്ന് മാസത്തിനിടെ കുറഞ്ഞത് 80 രൂപ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


തിരുവനന്തപുരം
ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞതോടെ ആശങ്കയിലായി കോഴിക്കർഷകർ. മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 180 രൂപവരെയുണ്ടായിരുന്ന കോഴി വില ഞായറാഴ്ച 99 രൂപയായി. 95 രൂപയായിരുന്നു ശനിയാഴ്ചത്തെ വില. 70 രൂപയിലേറെ വളർത്തുചെലവുള്ള കോഴിയെ ചെറുകിട  കർഷകരിൽ നിന്ന് 50  മുതൽ 60 രൂപ വരെ വിലയിട്ടാണ് ഇടനിലക്കാർ വാങ്ങുന്നത്. 
         ഇതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ആവശ്യത്തേക്കാളധികം ഉൽപ്പാദനമുണ്ടായാലും വില കുത്തനെ കുറയും. ദക്ഷിണേന്ത്യയിലെ ഫാം ഉടമകളും വില്പനക്കാരും ഉൾപ്പെടുന്ന ബ്രോയ്‌ലർ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് കോഴി വില നിശ്ചയിക്കുന്നത്.

ഓണത്തിന് വില കൂടും
ഓണത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ കോഴിവില കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ദിവസം 12 ലക്ഷം കിലോയിലധികം ആവശ്യമുള്ള കേരളത്തിലെ ഇറച്ചിക്കോഴി വിപണി നിയന്ത്രിക്കുന്നത് പ്രധാനമായും തമിഴ്നാടാണ്. ഉത്സവ സീസണിൽ വിപണി കൈയടക്കാൻ തമിഴ്നാട്ടിലെ വ്യാപാരികൾ ആദ്യം  വില കുറയ്ക്കുംകയും പിന്നീട് കൂട്ടുകയും ചെയ്യാറുണ്ട്. നഷ്ടം കാരണം കേരളത്തിലെ ഉൽപാദനം കുറയും. ഈ സമയം അമിതലാഭമുണ്ടാക്കാമെന്നതാണ് തമിഴ്നാട്ടിലെ മൊത്ത വ്യാപാരികളുടെ തന്ത്രം.

വിപണി പിടിച്ച് 
"കേരള ചിക്കൻ'
കോഴിയിറച്ചിയുടെ വില നിയന്ത്രിക്കുന്നതിനും ​ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും  സംസ്ഥാന സർക്കാർ നടപ്പാക്കിയ "കേരള ചിക്കൻ' വിപണി പിടിച്ച്‌ മുന്നേറുന്നു. 395 ബ്രോയ്-ലർ ഫാമുകളും, 131 ഔട്ട്-ലെറ്റുകളുമായി ജനപ്രിയമാണ് "കേരള ചിക്കൻ'. 281 കോടി രൂപയുടെ റെക്കോഡ്‌  വിറ്റുവരവാണ് ഇതുവരെ നേടിയത്.

സംസ്ഥാന സർക്കാർ 2017ൽ കുടുംബശ്രീവഴി തുടങ്ങിയ ‘കേരള ചിക്കൻ’ ഘട്ടംഘട്ടമായാണ്‌ ഓരോ ജില്ലയിലേക്കും വ്യാപിപ്പിച്ചത്‌. 2019ലാണ്‌  ഔട്ട്‌ലെറ്റുകൾ തുടങ്ങിയത്‌. കുടുംബശ്രീ അംഗങ്ങളായ 500 സ്‌ത്രീകൾക്കാണ്‌ കേരള ചിക്കൻ  ജീവിതോപാധിയാകുന്നത്‌.  ഒരു ദിവസം പ്രായമായ 1000 മുതൽ 5000വരെ കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക്‌ നൽകി, വളർച്ചയെത്തുമ്പോൾ നിശ്ചിത തുകനൽകി തിരികെയെടുക്കുന്നതാണ് പദ്ധതി. തീറ്റ, മരുന്ന്‌ തുടങ്ങിയവ  സൗജന്യമാണ്‌. അതിനാൽ കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കർഷകരെ ബാധിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top