23 December Monday

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഒസാക്കയിലെത്തി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2019

ഒസാക്ക>  വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക, സാങ്കേതിക, വിജ്ഞാന സഹകരണം ലക്ഷ്യമാക്കി ജപ്പാനിലും കൊറിയയിലും സന്ദർശനം നടത്തുന്ന  മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നിക്ഷേപ സെമിനാറുകളിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെ ഒസാക്കയിലെത്തി. മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്‌. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിനാണ്‌ മുഖ്യമന്ത്രിയും സംഘവും ഒസാക്കയിലെത്തിയത്‌.

തുടർന്ന്‌ വിദ്യാർഥികളും വിദഗ്‌ധരും വ്യവസായികളുമടങ്ങുന്ന മലയാളി സമൂഹവുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. സംസ്ഥാനത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായമെത്തിക്കുന്നതിൽ പ്രവാസി മലയാളികളുടെ പങ്ക്‌ വളരെ വലുതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി മലയാളികൾ കേരളത്തെ ലോകമെമ്പാടും പ്രതിനിധീകരിക്കുന്നു. കേരളത്തിന്‌ പുറത്ത്‌ ജീവിക്കുന്ന മലയാളികളെ കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനാണ്‌ ലോക കേരളസഭ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം കഴിഞ്ഞ രണ്ടുവർഷമായി പ്രളയത്തെ നേരിടുകയാണ്‌. പ്രകൃതിദുരന്തങ്ങളെ വിജയകരമായി നേരിടുന്നതിൽ ജപ്പാൻ മികവ്‌ പുലർത്തുന്നു. ഈ രംഗത്ത്‌ കേരളത്തിന്‌ ജപ്പാനിൽ നിന്ന്‌ ഏറെ പഠിക്കാനുണ്ടെന്നും സന്ദർശന ലക്ഷ്യങ്ങളിലൊന്ന്‌ അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക, സാങ്കേതിക, വിജ്ഞാന സഹകരണം ലക്ഷ്യമിട്ട്‌ 30വരെ ജപ്പാനിലും ഡിസംബർ ഒന്നുമുതൽ നാലുവരെ കൊറിയയിലുമാണ് സന്ദർശനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top