27 December Friday

‘സാധ്യമായതെല്ലാം ചെയ്യും’; അർജുന്റെ വീട്ടിൽ സാന്ത്വനമായി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ 
കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു

കോഴിക്കോട്‌> കർണാടക ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഞായർ പകൽ പന്ത്രണ്ടരയോടെ കോഴിക്കോട്‌ കണ്ണാടിക്കലിലെ മൂലാടിക്കുഴിയിൽ വീട്ടിലെത്തിയ മുഖ്യമന്ത്രി അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, ഭാര്യ കൃഷ്‌ണപ്രിയ, സഹോദരങ്ങളായ അഞ്ജു, അഭിജിത്ത്‌, അഭിരാമി എന്നിവരുമായും  സംസാരിച്ചു. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ ഉറപ്പുനൽകി.

ഷിരൂരിൽ ഞായറാഴ്‌ച തിരച്ചിൽ പുനഃരാരംഭിക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും തുടങ്ങിയിട്ടില്ലെന്ന്‌ കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു. സന്നദ്ധനായി വന്ന മുങ്ങൽവിദ​ഗ്ധൻ ഈശ്വർ മാൽപെയെ പുഴയിലിറങ്ങാൻ അനുവദിച്ചില്ല,  കേസെടുക്കുമെന്ന്‌  പറഞ്ഞതിനാൽ തിരിച്ചുപോയി. അർജുന്‌ എന്ത്‌ സംഭവിച്ചുവെന്നത്‌ കണ്ടെത്തണമെന്നും അവർ അഭ്യർഥിച്ചു. സംസ്ഥാന സർക്കാരിന്റെ എല്ലാ സഹകരണവും കിട്ടിയിട്ടുണ്ടെന്ന്‌ പറഞ്ഞ കുടുംബം ഒപ്പംനിന്നതിലുള്ള നന്ദിയും അറിയിച്ചു. മുഖ്യമന്ത്രിക്ക്‌ നിവേദനവും നൽകി.

ആശങ്ക കർണാടക സർക്കാരിനെ അറിയിക്കുമെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.  അർജുന്റെ മകൻ അയാനെ വാത്സല്യപൂർവം ലാളിച്ചശേഷമാണ്‌ മുഖ്യമന്ത്രി മടങ്ങിയത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ ഒപ്പമുണ്ടായി.
മുഖ്യമന്ത്രിയുടെ സന്ദർശനം ആശ്വാസമേകിയെന്ന് അർജുന്റെ കുടുംബം മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ‘ഞങ്ങളെപ്പോലെ ഒരുപാടുപേർ ഇപ്പോൾ കേരളത്തിൽ ദുഃഖം അനുഭവിക്കുന്നുണ്ട്. അവരെയൊക്കെ കാണുന്നപോലെ മുഖ്യമന്ത്രി ഞങ്ങളുടെ അടുത്തുവന്ന് ആശ്വസിപ്പിച്ചു’–- സഹോദരി അഞ്ജു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top