തിരുവനന്തപുരം > വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനെ വിമർശിച്ച് ലേഖനമെഴുതാൻ കേന്ദ്ര സർക്കാർ ശാസ്ത്രജ്ഞരെ നിർബന്ധിക്കുന്നു എന്ന വാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെ ദ്രോഹിക്കാനാണ് ഈ പെയ്ഡ് ലേഖന പരിപാടി നിങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്ന് കേന്ദ്രം ആലോചിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കൂടെ കൂട്ടിവായിക്കുമ്പോള്‍ ഈ മാധ്യമ വാര്‍ത്തകള്‍ ശരിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിനെ വിമർശിച്ച് ലേഖനമെഴുതാൻ കേന്ദ്ര സർക്കാർ ശാസ്ത്രജ്ഞരെ നിർബന്ധിക്കുന്നു എന്ന വാർത്ത ‘ദ ന്യൂസ് മിനുട്ടാണ്’ പുറത്തുവിട്ടത്.
മറുപടിയുടെ പൂർണരൂപം
ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും നല്‍കാന്‍ ശാസ്ത്രജ്ഞരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ വഴിയാണ് കേരള സര്‍ക്കാരിനെതിരെ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ളവരെ അണിനിരത്താനുള്ള ഈ ശ്രമം എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കൂടെ കൂട്ടിവായിക്കുമ്പോള്‍ ഈ മാധ്യമ വാര്‍ത്തകള്‍ ശരിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ആരെ ദ്രോഹിക്കാനാണ് ഈ പെയ്ഡ് ലേഖന പരിപാടി നിങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്ന് അവർ തന്നെ ആലോചിക്കേണ്ടതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..