21 October Monday

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2024

തിരുവനന്തപുരം> വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, റിസോർട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ വിളിച്ച യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഹോംസ്റ്റേകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌. എന്നാൽ, ഹോംസ്റ്റേകൾക്ക്‌ തദ്ദേശസ്ഥാപന ലൈസൻസും ജിഎസ്ടി രജിസ്ട്രേഷനും ഉറപ്പാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കണം. ‘ക്ലീൻ ഡെസ്റ്റിനേഷൻ’ ക്യാമ്പയിൻ വ്യാപിപ്പിക്കണം. മാലിന്യത്തൊട്ടികൾ ആവശ്യത്തിന് സ്ഥാപിക്കണം. അതത് സ്ഥലങ്ങളിലെ മാലിന്യനീക്കത്തിന് ഹരിത കർമസേനയുടെ സേവനം ഉറപ്പാക്കണം.
ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡം പാലിച്ചാകണം. ബോട്ടിൽ ലൈഫ് ഗാർഡുകൾ ഉണ്ടാകണം. ഇൻലാൻഡ് നാവിഗേഷൻ വെരിഫിക്കേഷൻ നടത്തി ഹൗസ് ബോട്ടുകൾക്ക് സർട്ടിഫിക്കറ്റ് നൽകണം. യാത്രികർക്ക് സുരക്ഷ ഉറപ്പാക്കണം. ജലാശയങ്ങളിലും ബീച്ചുകളിലും ലൈഫ് ഗാർഡുകളെ ഉറപ്പാക്കണം. പോലീസിന്റെയും ടൂറിസം പോലീസിന്റെയും സാന്നിധ്യം ഉറപ്പാക്കണം. ടൂറിസം കേന്ദ്രങ്ങളിൽ തെരുവുനായ ശല്യം ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.

റോഡരികിലും കുറ്റിക്കാട്ടിലും മദ്യപാനവും വിൽപനയും തടയണം. എക്സൈസ് വകുപ്പിന്റെ ശ്രദ്ധ ഉണ്ടാകണം. ആവശ്യമായ സിസിടിവി ക്യാമറ സ്ഥാപിക്കണം. ടൂറിസ്റ്റ് ഗൈഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം. നിലവിലുള്ളവരുടെ സർട്ടിഫിക്കറ്റ് പുതുക്കണം. സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്ന സ്ഥിതി ഉണ്ടാകരുതെന്നും രാത്രിയിൽ ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യത്തിന്‌ വെളിച്ചം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടി ഡോ. വി വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, അ​ഗ്നിരക്ഷാസേന മേധാവി കെ പത്മകുമാർ, ടൂറിസം സെക്രട്ടറി കെ ബിജു, തദ്ദേശ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top