കൊല്ലം > ബാലവേലയ്ക്കും ലൈംഗിക ചൂഷണങ്ങൾക്കുമായി ട്രെയിനുകളിൽ കുട്ടികളെ കടത്തുന്നത് വ്യാപകം. അഞ്ചുവർഷത്തിനിടെ മാഫിയാസംഘങ്ങൾ കടത്തിക്കൊണ്ടുവന്ന 57,564കുട്ടികളെ റെയിൽവേ സുരക്ഷാസേന രക്ഷപ്പെടുത്തി. ഇവരിൽ 18,172പെൺകുട്ടികൾ. ആർപിഎഫ് രക്ഷപ്പെടുത്തിയവരിൽ 80 ശതമാനം കുട്ടികളെയും കുടുംബങ്ങളിൽ സുരക്ഷിതമായി എത്തിച്ചു. വിവിധ സംഭവങ്ങളിലായി കുട്ടിക്കടത്ത് റാക്കറ്റിനു നേതൃത്വം നൽകുന്നവരും ഏജന്റുമാരും ഉൾപ്പെടെ 674പേരെ അറസ്റ്റ് ചെയ്‌തു.
റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിനം 2.30 കോടിയിലധികം പേരാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ഇതിൽ 30ശതമാനം പേർ സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകളിൽ ഏറെയും ഒറ്റയ്ക്കാണ് യാത്ര. മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ ശക്തിപ്പെടുത്താനാണ് റെയിൽവേ സംരക്ഷണസേനയുടെ തീരുമാനം. ട്രെയിനിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് റെയിൽവേയുടെ "ഓപ്പറേഷൻ മേരി സഹേലി" പദ്ധതി നിലവിലുണ്ട്. ഇത് കൂടുതൽ സജീവമാക്കാൻ ആർപിഎഫിന് റെയിൽവേ മന്ത്രാലയം നിർദേശം നൽകി. പ്രധാന സ്റ്റേഷനുകളിൽ ചൈൽഡ് ഹെൽപ്പ് ഡെസ്കും ആരംഭിക്കും. അതത് പ്രദേശത്തെ ശിശുക്ഷേമ സമിതികളുമായി സഹകരിച്ചായിരിക്കും ഇവ തുടങ്ങുക. കുട്ടികളുടെ സുരക്ഷയ്ക്കായി 2022-ൽ ആർപിഎഫ് ആരംഭിച്ച മിഷൻ വാത്സല്യ പദ്ധതി കൂടുതൽ പരിഷ്കരിച്ച് സംയോജിപ്പിച്ചായിരിക്കും പ്രവർത്തനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..