23 December Monday
അഞ്ചുമരുന്നുകളുടെ
സംയുക്തം ഉപയോഗിച്ച് ചികിത്സ

അമീബിക്‌ മസ്തിഷ്ക ജ്വരം :
 രണ്ടാമത്തെ കുട്ടിയും രോഗമുക്തനായി , ഒരാൾകൂടി പോസിറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കോഴിക്കോട്
അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന കുട്ടി അസുഖംമാറി പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റിയാന്‍ നിഷിൽ(നാല്) ആണ് 24 ദിവസത്തെ ചികിത്സയ്‌ക്കുശേഷം ആശുപത്രിവിട്ടത്‌.

അതേസമയം  നെയ്യാറ്റിൻകര സ്വദേശിയായ ഒരാൾക്കുകൂടി രോഗം  സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരം ജില്ലയിൽ രോഗികളുടെ എണ്ണം ആറായി. ജൂലൈ 23ന്‌ മരിച്ച അഖിൽ ഉൾപ്പെടെ  ഏഴുപേർക്കാണ്‌ തിരുവനന്തപുരം ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌.

ജൂലൈ 13നാണ് കടുത്ത പനിയും തലവേദനയുമായി  റിയാന്‍ നിഷിലിനെ കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ആശുപത്രി വിട്ടെങ്കിലും ഒരാഴ്‌ചകൂടി മരുന്ന്‌ തുടരേണ്ടിവരുമെന്ന് ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. അബ്ദുൾ റൗഫ് പറഞ്ഞു.

ഇവിടെ ചികിത്സയിലുള്ള കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നുവയസ്സുകാരന്റെ നിലയിലും പുരോ​ഗതിയുണ്ട്. കോഴിക്കോട്‌ തിക്കോടി സ്വദേശിയായ അഫ്‌നാൻ ജാസിം എന്ന പതിനാലുകാരന്‌  ജൂലൈ 22ന് രോ​ഗം ഭേദമായിരുന്നു. രാജ്യത്ത്‌ ഈ രോഗബാധയിൽനിന്നുള്ള ആദ്യ അതിജീവനമായിരുന്നു ഇത്.

അഞ്ചുമരുന്നുകളുടെ
സംയുക്തം ഉപയോഗിച്ച് ചികിത്സ
അമീബിക്‌ മസ്തിഷ്കജ്വരം ബാധിച്ചവരുടെ ചികിത്സയ്‌ക്കായി പ്രത്യേകം മെഡിക്കൽ ബോർഡ്‌ രൂപീകരിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള ആറുപേർക്കായാണ്‌ ബോർഡ് രൂപീകരിച്ച്‌ വിദഗ്ധ ചികിത്സ നൽകുന്നത്‌. പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരമാകും ചികിത്സ. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന്‌ സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ച്‌ മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നടത്തുക. ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭ്യമാണ്. കൂടുതൽ മരുന്ന്‌ എത്തിക്കാൻ കെഎംഎസ്‌സിഎൽ മാനേജിങ്‌ ഡയറക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ്‌ പറഞ്ഞു.  

നെയ്യാറ്റിൻകര നെല്ലിമൂടുള്ള കാവുകുളത്തിലെ വെള്ളവുമായി എതെങ്കിലും രീതിയിൽ സമ്പർക്കത്തിലുള്ളവരാണ്‌ പുതിയ രോഗിയടക്കം ആറുപേരും. ചികിത്സയിലുള്ളവർ കുളത്തിലെ മലിനജലം ഉപയോഗിച്ചതായും പുകയില അടക്കമുള്ള ലഹരിവസ്തുക്കൾ മൂക്കിലേക്ക്‌ വലിച്ചുകയറ്റിയതായും സംശയമുണ്ട്‌.
ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള പേരൂർക്കട സ്വദേശി നിജിത്തിന്റെ രോഗ ഉറവിടം തിരിച്ചറിയാനായിട്ടില്ല. വീട്ടിലെ കിണർ വൃത്തിയാക്കിയപ്പോൾ അമീബ കലർന്ന വെള്ളവുമായി സമ്പർക്കമുണ്ടായതാകാം കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത് പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top