21 October Monday

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിനെ സെന്റർ ഓഫ് എക്‌സലൻസായി ഉയർത്തി; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

തിരുവനന്തപുരം> ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിനെ (സിഡിസി) ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡർ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായി ഉയർത്തുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജ് സിഡിസിയിൽ നടക്കുന്ന ദ്വിദിന ദേശീയ സെമിനാറിനോടനുബന്ധിച്ച് യൂണിസെഫ് നോളേജ് പാർട്ണറായുള്ള പ്രഖ്യാപനവും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സിഡിസി വളരെ പ്രധാന ഘട്ടത്തിലേയ്ക്കാണ് കടക്കുന്നത്. യുണിസെഫ് സിഡിസിയുമായി നോളജ് പാർട്ണറായി സഹകരിക്കുമ്പോൾ ഈ മേഖലയിലെ ഗവേഷണത്തിനും പുരോഗതിയ്ക്കും ഏറെ സഹായിക്കും. സംസ്ഥാനത്തിനും ആരോഗ്യ സംവിധാനങ്ങൾക്കും ഇത് നൽകുന്ന ഊർജം വളരെ വലുതാണ്. രണ്ടാം കേരള മോഡൽ ഓരോ വ്യക്തിയുടേയും ജീവിത ഗുണ നിലവാരം വർധിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രയത്‌നങ്ങൾ ഉൾക്കൊള്ളുന്നതാണ്. നമ്മുടെ ലക്ഷ്യം വളരെ വലുതാണ്. ആ ലക്ഷ്യത്തിന് വേണ്ടി ഓരോരുത്തരുടേയും കഠിനാധ്വാനം വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ശിശുക്ഷേമ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കുറഞ്ഞ മരണനിരക്ക്, എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം, അപൂർവ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സൗജന്യ ചികിത്സ എന്നിവ ഉദാഹരണങ്ങളാണ്. നവജാത ശിശുക്കളുടെ സമഗ്രവും സാർവത്രികവുമായ പരിശോധനയ്ക്കായി ശലഭം, ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ നൽകുന്ന ഹൃദ്യം, സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ്, എസ്എംഎ, ലൈസോസോമൽ സ്റ്റോറേജ് ഡിസോർഡേഴ്‌സ് പോലുള്ള അപൂർവ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്ക് കെയർ, കുട്ടികൾക്ക് സൗജന്യ മോണോക്ലോണൽ ആന്റിബോഡി പ്രൊഫിലാക്‌സിസ്, ശ്രുതിതരംഗം, ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള ചെലവേറിയ ചികിത്സകൾക്കായി ആരോഗ്യകിരണം തുടങ്ങിയ മാതൃകാപരമായ പദ്ധതികളുമുണ്ട്. സംസ്ഥാനത്ത് ജനിതക വിഭാഗവും ഫീറ്റൽ മെഡിസിൻ വിഭാഗവും ആരംഭിച്ചു. പ്രത്യേക ആരോഗ്യ സംരക്ഷണം വേണ്ട കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പീഡിയാട്രിക് പാലിയേറ്റീവ് കെയർ പദ്ധതി സംസ്ഥാനം ആലോചിക്കുന്നുണ്ട്.

കുട്ടികളുടെ വികസനപരവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാനത്തിന് പ്രത്യേക പദ്ധതിയുണ്ട്. ലോകമെമ്പാടുമുള്ള എട്ട് ശതമാനം കുട്ടികളും ആറ് പ്രധാന വികസന പ്രശ്നങ്ങളിലൊന്ന് അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തും കുറെ കുട്ടികൾ ഇത്തരം വെല്ലുവിളികൾ നേരിടുന്നുണ്ട്. വികസന പെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികളെ നേരത്തേ തിരിച്ചറിയാനും അതനുസരിച്ചുള്ള ചികിത്സയൊരുക്കാനുമുള്ള ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഇത്തരം കുട്ടികളെ കണ്ടെത്തി ചികിത്സിച്ച് പരിഹരിക്കുന്നതിന് ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, സ്‌കൂൾ അധ്യാപകർ തുടങ്ങിയവരെക്കൂടി ഉൾപ്പെടുത്തിയുള്ള പരിപാടികൾ ആവിഷ്‌ക്കരിച്ച് വരികയാണ്. സ്‌ക്രീനിംഗ്, രോഗനിർണയം, ചികിത്സ, പുനരധിവാസം എന്നിവയ്ക്കും വികസന-പെരുമാറ്റ പ്രശ്‌നങ്ങൾ തടയുന്നതിനും ഭിന്നശേഷിക്കാർക്ക് തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഒരു സമഗ്രമായ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

യൂണിസെഫ് ചീഫ് ഓഫ് ഹെൽത്ത് ഡോ. വിവേക് വീരേന്ദ്ര സിംഗ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, സിഡിസി ഡയറക്ടർ ഇൻ ചാർജ് ഡോ. ദീപ ഭാസ്‌കരൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസ്, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജി എസ് ബിന്ദു, സിഡിസി രജിസ്ട്രാർ വിനീത് കുമാർ വിജയൻ, യുണിസൈഫ് പ്രതിനിധികളായ കെഎൽ റാവു, ഡോ. കൗശിക് എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top