ചിറ്റൂർ
പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ കർണാടക സ്വദേശികളായ നാലുപേരെ രണ്ടരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ അതിസാഹസികമായി അഗ്നിരക്ഷാസേന രക്ഷിച്ചു. ചൊവ്വ പകൽ 12നാണ് സംഭവം. ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ മൈസൂരു സ്വദേശികളായ ലക്ഷ്മൺ (70), ഭാര്യ ദേവി (65), മകൻ സുരേഷ് (35), പേരമകൻ വിഷ്ണു (19) എന്നിവരാണ് കുടുങ്ങിയത്.
പുഴയിൽനിന്ന് മീൻ പിടിച്ച് വിൽക്കുകയും മീൻവല നെയ്ത് വിൽക്കുകയും ചെയ്യുന്ന നാടോടി സംഘാംഗങ്ങളാണ് ഇവർ. പുഴയിലെ പാറയിലിരുന്ന് തുണി അലക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. ഇതുകണ്ട് കൂടെയുണ്ടായിരുന്നവർ കരയ്ക്ക് കയറി. എന്നാൽ ദേവി , ലക്ഷ്മൺ എന്നിവർക്ക് കയറാനായില്ല. ഇവരെ രക്ഷിക്കുന്നതിന് പുഴയിലിറങ്ങിയപ്പോഴാണ് സുരേഷും വിഷ്ണുവും കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചിറ്റൂരിൽ നിന്ന് അഗ്‌നിരക്ഷാസേനയെത്തി. സേനാംഗങ്ങൾ സാഹസികമായി ഇവരുടെ അടുത്തെത്തി ആദ്യം വിഷ്ണുവിനെയും പിന്നീട് ദേവിയെയും കരയ്ക്കെത്തിച്ചു. മൂന്നാമതായി ലക്ഷ്മണിനെയും ഒടുവിൽ സുരേഷിനെയും രക്ഷപ്പെടുത്തി. മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
അതിനിടെ പാലക്കാട്ടുതന്നെ കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടം കാണാൻ വാച്ചർമാരുടെ കണ്ണുവെട്ടിച്ചുപോയി മറുകരയിൽ കുടുങ്ങിയയാളെ അഗ്നിരക്ഷാ സേനയെത്തി വൈകിട്ടോടെ രക്ഷപ്പെടുത്തി. നന്ദിയോട് സ്വദേശി രമേശി (39)നെയാണ് രക്ഷപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..