23 December Monday

അവരില്ലിനി കടുപ്പത്തിലൊരു ചായ തരാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

ചൂരൽമല> ആവി പറക്കുന്ന ചായ ആഗ്രഹിക്കുന്നവർക്ക്‌ തേയില വച്ചുനീട്ടിയ 35 തൊഴിലാളികളെയാണ്‌ ചൂരൽമല ഉരുൾപൊട്ടൽ അപ്രത്യക്ഷമാക്കിയത്‌. മുണ്ടക്കൈയെയും ചൂരൽമലയെയും പച്ചപ്പണിയിച്ച ഹാരിസൺ മലയാളം തേയിലത്തോട്ടം പിളർന്ന്‌ കുതിച്ച ഉരുൾ അവരുടെ പാടി(ലയം)കളെ നിശ്ശേഷം തകർത്തു. ആ രാത്രിക്ക്‌ ശേഷം തേയിലത്തോട്ടങ്ങൾ നിശ്ചലമാണ്‌. കൊളുന്ത്‌ നുള്ളുന്നവരുടെ ഒച്ചയനക്കങ്ങളില്ല. ഫാക്ടറിയിലെ യന്ത്രമുരൾച്ചയ്ക്ക്‌ പകരം മനുഷ്യശരീരംതേടുന്ന മണ്ണുമാന്തിയന്ത്രങ്ങളുടെ നിലവിളിമാത്രം.

505 ഹെക്ടറിലാണ്‌ ഹാരിസൺ മലയാളം മുണ്ടക്കൈ ഡിവിഷൻ. തേയിലത്തോട്ടത്തിലെ തൊഴിലാളികളും ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 89 പേരെയാണ്‌ ദുരന്തം കൊണ്ടുപോയത്‌. 26 പേരുടെ മൃതദേഹം കിട്ടി. 24 തൊഴിലാളികളും 26 കുടുംബാംഗങ്ങളും ഇനിയും കാണാമറയത്ത്‌. നാല്‌ അതിഥിത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം മാത്രമാണ്‌ ലഭിച്ചത്‌. രണ്ട്‌ ജീവനക്കാരും ഏഴ്‌ കുടുംബാംഗങ്ങളും ദുരന്തത്തിൽ അപ്രത്യക്ഷമായി.

ഉരുൾ ബാക്കിയാക്കിയവർ ക്യാമ്പുകളിൽ മരവിച്ച മനസുമായുണ്ട്‌. പലരുടെയും കുടുംബത്തിലെ അനേകർ ഇല്ലാതായി. തകർന്നപാലവും പാടികളും പുനർനിർമിച്ച്‌ തേയിലത്തോട്ടത്തിന്‌ ജീവൻ തിരിച്ചുകിട്ടാൻ മാസങ്ങളെടുക്കും. ഏത്‌ കടുപ്പമുള്ള ചായക്കും ഉണർത്താനാവാത്തവിധം ചടച്ചുപോയിരിക്കുന്നു മണ്ണും മനുഷ്യരും.

ഒൻപത്‌ പാടികൾ അടയാളംപോലുമില്ലാതെ ഒലിച്ചുപോയി. എട്ട്‌ പാടികൾ തകർന്നു. നാല്‌ ക്വാർട്ടേഴ്‌സുകൾ നിലംപൊത്തി. മൂന്നെണ്ണം വാസയോഗ്യമല്ലാതായി. എസ്റ്റേറ്റിലെ അഞ്ച്‌ ഹെക്ടർ തേയിലത്തോട്ടം ഉൾപ്പെടെ പത്ത്‌ ഹെക്ടർ ഒലിച്ചുപോയി. മുണ്ടക്കൈ, പുത്തുമല, ചൂരൽമല, അട്ടമല ഡിവിഷനുകളിലെ 321 തൊഴിലാളികളും 153 ജീവനക്കാരും 16 ഓഫീസ്‌ ജീവനക്കാരും ഹാരിസൺ മലയാളത്തിലുണ്ട്‌. ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിലവിൽ വന്നതോട്ടമാണിത്‌. 2019ൽ പുത്തൂർമലയിൽ 17പേർ മരണമടഞ്ഞ ഉരുൾപൊട്ടലും ഹാരിസൺ ചായത്തോട്ടത്തിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top