15 September Sunday

ചൂരൽമലയിൽ കടകൾ ഉണർന്നു ; ബിസ്‌മി മെസിലെ ചായയുടെ രുചി നാട്‌ വീണ്ടും നുണഞ്ഞു

സ്വന്തം ലേഖകന്‍Updated: Wednesday Sep 4, 2024

ചൂരൽമലയിൽ ബിസ്‌മി മെസ് തുറന്നപ്പോൾ


ചൂരൽമല
ദുരന്തഓർമകളെ വകഞ്ഞുമാറ്റി ചൂരൽമലയിലെ കടകളുടെ ഷട്ടർ ഉയർന്നു. ഉരുളൊഴുക്ക്‌ പിന്നിട്ട്‌ 35 ദിവസത്തിനിപ്പുറം പടിഞ്ഞാറയിൽ ബഷീറിന്റെ ബിസ്‌മി മെസും മുഹമ്മദാലിയുടെ പറമ്പാടൻ വെജിറ്റബിൾസും  ചൊവ്വാഴ്‌ച തുറന്നു. ബിസ്‌മി മെസിലെ സ്‌നേഹമൂറുന്ന ചായയുടെ രുചി നാട്‌ വീണ്ടും നുണഞ്ഞു. രാവിലെ നാട്ടുവർത്തമാനങ്ങളുമായി ചായകുടിക്കാനെത്തിയ പലരും ഇന്നില്ല. ബാക്കിയായവരിൽ ഭൂരിഭാഗവും ദൂരെ വാടകവീടുകളിലാണ്‌. ദൂരെയാണ്‌ താമസമെങ്കിലും കട തുറക്കുന്നതറിഞ്ഞ്‌ പലരും ചൂരൽമലയിലെത്തി. ഒന്നായിക്കഴിഞ്ഞ ദിവസങ്ങളുടെ നല്ല ഓർമകൾമാത്രം ചേർത്തുപിടിച്ച്‌ നാട്ടുകാർ സ്‌നേഹം പങ്കുവച്ചു. ചൂരൽമല അങ്ങാടിക്ക്‌ നടുവിൽ ബിസ്‌മി മെസ്‌ പ്രവർത്തിച്ചിരുന്നിടത്ത് ഇന്നൊന്നും അവശേഷിക്കുന്നില്ല. മുമ്പുണ്ടായിരുന്ന കടയ്‌ക്ക്‌ മുമ്പിലെ വാടക കെട്ടിടത്തിലാണ്‌ ബഷീറിന്റെ പുതിയ മെസ്‌.

ചെളിനിറഞ്ഞ്‌ സാധനങ്ങളെല്ലാം നഷ്ടമായ അതേ കടമുറി ശുചിയാക്കിയാണ്‌ മുഹമ്മദാലി അതിജീവന സ്വപ്‌നങ്ങളുടെ താക്കോൽപ്പൂട്ട്‌ തുറന്നത്‌.  പെൻസിൽ മുതൽ ബിരിയാണിവരെ വിറ്റ കടയായിരുന്നു. തൽക്കാലം പലചരക്ക്‌ കടയായി മാത്രമായാണ്‌ പ്രവർത്തനം പുനരാരംഭിച്ചത്‌. ‘പന്ത്രണ്ട്‌ ലക്ഷം രൂപയോളമാണ്‌ കടയിൽ നഷ്‌ടമുണ്ടായത്‌. അതിലും വലിയ നഷ്‌ടമാണ്‌ നാടിനാകെയുണ്ടായത്‌. ഇനി ഒന്നിൽനിന്ന്‌ തുടങ്ങുകയാണ്‌’–-കടതുറക്കാൻ ഒരുപാടുപേർ സഹായിച്ചു.  പഴയതുപേലെ എല്ലാം ശരിയാക്കണമെന്നും മുഹമ്മദാലി പറഞ്ഞു.

ബിസ്‌മി മെസിൽ അഞ്ഞൂറ്‌ പലഹാരവും ചായയും ആദ്യദിനം ചെലവായി. എല്ലാം നഷ്‌ടമായപ്പോൾ ഒരുപാടുപേരുടെ പിന്തുണയുണ്ടായി. ഉപജീവനമില്ലാതായ എല്ലാവർക്കും സഹായമുണ്ടാകണമെന്നും ബഷീർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമായി 74 വ്യാപാരസ്ഥാപനങ്ങൾക്കാണ്‌ നാശനഷ്‌ടമുണ്ടായത്‌. മുണ്ടക്കൈയിൽ ആകെയുണ്ടായിരുന്ന 16 കടകളും ചൂരൽമലയിലെ നാലുകടകളും പൂർണമായും ഇല്ലാതായി. ഏഴ്‌ വ്യാപാരികളെയും ദുരന്തമെടുത്തു. കച്ചവടസ്ഥാപനങ്ങളിൽ 24 കോടിയുടെ നഷ്‌ടമാണ്‌ വ്യാപാരികൾ കണക്കാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top