21 December Saturday

സിനിമ കോൺക്ലേവ്‌ നീട്ടാൻ സാധ്യത

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കൊച്ചി > നവംബറിൽ കൊച്ചിയിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് നീട്ടിവയ്‌ക്കുന്ന കാര്യം പരിഗണനയിലാണെന്ന്‌ സിനിമ നയരൂപീകരണസമിതി ചെയർമാൻ ഷാജി എൻ കരുൺ. സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌. സർക്കാരുമായി ആലോചിച്ചശേഷമേ അന്തിമതീരുമാനം എടുക്കൂ. എറണാകുളം താജ്‌ വിവാന്ത ഹോട്ടലിൽ സിനിമ നയരൂപീകരണസമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

നവംബറിൽ കേരളീയവും ഡിസംബറിൽ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവവും നടത്തും. എല്ലാവർക്കും സൗകര്യമായ സന്ദർഭം നോക്കിയാണ്‌ കോൺക്ലേവ്‌ നടത്തുക. സമിതി ഓരോ സംഘടനയുമായും ചർച്ചചെയ്‌ത്‌ വിവരങ്ങൾ ശേഖരിക്കും. അവരുടെ വിശ്വാസങ്ങളും ധാരണകളും എന്താണെന്ന്‌ തിരിച്ചറിയും–- അദ്ദേഹം പറഞ്ഞു.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ, ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷൻ  ഭാരവാഹികളുമായിട്ടായിരുന്നു ചർച്ച. വരുംദിവസങ്ങളിൽ ‘അമ്മ’ ഉൾപ്പെടെയുള്ള സംഘടനകളുമായി സമിതി ചർച്ച നടത്തും. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ ചെയർമാനായ പത്തംഗ കമ്മിറ്റിയെയാണ് സിനിമ നയരൂപീകരണത്തിനുള്ള നിർദേശങ്ങളും കരടുനയവും രൂപീകരിക്കാൻ നിയോഗിച്ചിരിക്കുന്നത്‌. 

സമിതിയുടെ ചർച്ചകളിൽനിന്ന്‌ ആരെയും മാറ്റിനിർത്തില്ലെന്ന്‌ ചലച്ചിത്ര അക്കാദമി ആക്ടിങ്‌ ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സമഗ്ര സിനിമാനയം രൂപീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. സിനിമയുടെ ഒരു മാനിഫെസ്‌റ്റോയായി ഇത്‌ മാറും. സ്‌ത്രീസൗഹൃദ തൊഴിലിടമാകണം സിനിമ. നയരൂപീകരണ ചർച്ചയെക്കുറിച്ച്‌ മാക്ട ഫെഡറേഷനെ അറിയിച്ചില്ലെന്ന പരാതി പരിശോധിക്കുമെന്നും പ്രേംകുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top