21 December Saturday

സിനിമാ കോൺക്ലേവ് : തെറ്റിദ്ധാരണ പരത്താൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


തിരുവനന്തപുരം
സംസ്ഥാന സർക്കാർ നവംബറിൽ നടത്തുന്ന സിനിമാ കോൺക്ലേവിനെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്താൻ ശ്രമം. സിനിമാനയ രൂപീകരണത്തിനായാണ്‌ കോൺക്ലേവ്‌ സംഘടിപ്പിക്കുന്നത്‌. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ചർച്ച ചെയ്യാൻ ഇരകളെയും ചൂഷണം ചെയ്‌തവരെയും ക്ഷണിക്കുന്നുവെന്ന്‌ വരുത്തുകയാണ്‌ ചിലർ. സിനിമാനയത്തിന്റെ കരടിനായി സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരോട്‌ അഭിപ്രായം തേടുകയാണ്‌ കോൺക്ലേവിന്റെ ലക്ഷ്യം. എല്ലാവരുടെയും അഭിപ്രായം കേൾക്കുകയും അത്‌ രേഖപ്പെടുത്തുകയും ചെയ്യും. സർക്കാരിന്റെ നിർദേശങ്ങളും അവതരിപ്പിക്കും. സിനിമാ നയമുണ്ടാക്കുന്നതിന്റെ ഒരുഘട്ടം മാത്രമാണിത്‌.

രാജ്യത്തിന്‌ പുറത്തുനിന്നുമുള്ള സാങ്കേതികപ്രവർത്തകരെ മലയാള സിനിമയിലും തിരിച്ചും പ്രയോജനപ്പെടുത്താൻ കഴിയുംവിധമുള്ള സംവിധാനം സർക്കാർ ഒരുക്കുകയാണ്‌. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെ തോത്‌ വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ചലച്ചിത്ര വികസന കോർപറേഷന്റെ സഹായത്തോടെ നിർമിച്ച ആറ്‌ ചിത്രത്തിലും ഏതെങ്കിലും വിധത്തിലുള്ള ചൂഷണം നടന്നതായി  റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഇന്റേണൽ കംപ്ലെയ്‌ന്റ്‌ സമിതി (ഐസിസി) നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന സാഹചര്യമുണ്ടായാൽ സെറ്റിലുള്ള ചൂഷണം തടയാനാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

കുറ്റമറ്റ രീതിയിൽ നയം രൂപീകരണം നടത്താൻ അതുമായി ബന്ധപ്പെടുന്ന രംഗങ്ങളിലെ ആളുകളെ കേൾക്കേണ്ടതുണ്ട്‌. ഏതെങ്കിലും ഒരുവിഭാഗം മാറിനിൽക്കുന്ന സ്ഥിതിയുണ്ടാകരുത്‌. എല്ലാവരുടെയും പങ്കാളിത്തമാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ ആ മേഖലയിൽ പ്രവർത്തിക്കുന്നവർ ഉറപ്പുവരുത്തുകയും വേണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top