23 December Monday
സിപിഐ എം ഏരിയ സമ്മേളനം

സിറ്റിഗ്യാസ് പദ്ധതി മുഴുവൻ 
ഡിവിഷനിലും നടപ്പാക്കണം

സ്വന്തം ലേഖകൻUpdated: Monday Nov 18, 2024

കൊച്ചി
സിറ്റി ഗ്യാസ് പദ്ധതി കൊച്ചി കോർപറേഷനിലെ മുഴുവൻ ഡിവിഷനിലും നടപ്പാക്കണമെന്ന് എം എം ലോറൻസ്‌ നഗറിൽ (പനമ്പിള്ളിനഗർ റോട്ടറി ക്ലബ്‌) ചേർന്ന സിപിഐ എം എറണാകുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വീടുകളിൽ പൈപ്പ് ലൈൻവഴി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയാണിത്‌. നഗരവാസികൾക്കാകെ പദ്ധതി ഗുണകരമാകും.


റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കാൻ കോർപറേഷൻ അനുമതി നൽകിയിട്ടും കരാറുകാർ പദ്ധതി അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്‌.  ഈ സമീപനം അവസാനിപ്പിക്കണം. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തമ്മനം പുല്ലേപ്പടി റോഡിന്റെ നിർമാണം വേഗത്തിലാക്കുക, പുറമ്പോക്കിൽ കഴിയുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുക, തേവര മാർക്കറ്റിന്റെ നിർമാണം ഉടൻ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പൊതുചർച്ചയിൽ 18 പേർ പങ്കെടുത്തു.


ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി സി മണി  എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, എം അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം പി എൻ സീനുലാൽ എന്നിവർ സംസാരിച്ചു. ആർ നിഷാദ് ബാബു ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.  എൻ കെ ഷാജി നന്ദി പറഞ്ഞു.

സി മണി എറണാകുളം ഏരിയ സെക്രട്ടറി


സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറിയായി സി മണിയെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും ജില്ലാസമ്മേളന പ്രതിനിധികളായി 25 പേരെയും തെരഞ്ഞെടുത്തു.  കെ എം അഷറഫ്, പി ആർ റെനീഷ് , കെ വി മനോജ്, വി വി പ്രവീൺ, എൻ സതീഷ്, സോജൻ ആന്റണി, ടി എസ് ഷൺമുഖദാസ്, പി എച്ച് ഷാഹുൽ ഹമീദ്, ആർ നിഷാദ് ബാബു, പി വി ശ്രീനിജിൻ, ഇ എം സുനിൽകുമാർ, ടി കെ വിജയൻ, കെ കെ ജയരാജ്, സി ടി വർഗീസ്, എൻ കെ പ്രഭാകരനായിക്, അമൽ സോഹൻ, ടെസി ജേക്കബ്, ടി മായാദേവി, കെ പി മനുശങ്കർ, ബീന മഹേഷ് എന്നിവരാണ്‌ ഏരിയ കമ്മിറ്റി അംഗങ്ങൾ.

 

കൊച്ചി–ധനുഷ്‍കോടി ദേശീയപാതയിൽ ടോൾ പിരിക്കരുത്‌


കവളങ്ങാട്
നവീകരണം നടക്കുന്ന കൊച്ചി–- -ധനുഷ്‌കോടി ദേശീയപാതയിൽ ടോൾ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ എം കവളങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നെല്ലിമറ്റത്താണ് ദേശീയപാത അതോറിറ്റിയുടെ ടോൾബൂത്ത് നിർമാണം.  സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്‌ തീരുമാനം. നിർമാണത്തിന്റെ പേരിൽ കേരള തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തി പാടശേഖരം മണ്ണിട്ട് നികത്തുന്നു. ഇടുക്കി, മൂന്നാർ മേഖലകളിലേക്കുള്ള വിനോദസഞ്ചാരത്തിനും ദോഷമാണ്‌ തീരുമാനം. പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.


പൈങ്ങോട്ടൂർ, കവളങ്ങാട് പഞ്ചായത്തുകളിലെ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, നേര്യമംഗലം, കടവൂർ മേഖലകളിൽ പട്ടയം നൽകാനുള്ള നടപടികൾ വേഗത്തിലാക്കുക, ജനകീയ ഹോട്ടലിനെ സബ്സിഡി നിലനിർത്തി സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
പൊതുചർച്ചയിൽ 24 പേർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്‌ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രൻപിള്ള, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി ആർ മുരളീധരൻ, ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. എ ആർ അനി നന്ദി പറഞ്ഞു. തിങ്കൾ വൈകിട്ട് നാലിന്‌ സീതാറാം യെച്ചൂരി നഗറിൽ (അടിവാട്‌ പഞ്ചായത്ത്‌ ഗ്രൗണ്ട്‌)  പ്രകടനവും പൊതുസമ്മേളനവും ചുവപ്പുസേന പരേഡും നടക്കും. കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് അലോഷിയുടെ ഗസൽസന്ധ്യ.


ഷാജി മുഹമ്മദ്‌ കവളങ്ങാട്‌ ഏരിയ സെക്രട്ടറി


സിപിഐ എം കവളങ്ങാട്‌ ഏരിയ സെക്രട്ടറിയായി ഷാജി മുഹമ്മദിനെ വീണ്ടും  തെരഞ്ഞെടുത്തു. 17 അംഗ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളായി 12 പേരെയും ഏരിയ സമ്മേളനം തെരഞ്ഞെടുത്തു.
കെ ബി മുഹമ്മദ്, കെ സി അയ്യപ്പൻ, ഷിബു പടപറമ്പത്ത്, കെ പി ജെയിംസ്, നിർമല മോഹനൻ, കെ ഇ ജോയി, മനോജ് നാരായണൻ, എ വി സുരേഷ്,  സാബു ടി മാത്യു, എം എം ബക്കർ,  എ കെ സിജു, പി എം ശശികുമാർ, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, സൗമ്യ സനൽ, അഷ്കർ കരീം എന്നിവരാണ്‌ ഏരിയ കമ്മിറ്റി അംഗങ്ങൾ.

 

കോലഞ്ചേരിയിൽ നാളെ പതാക 
ഉയരും, കോതമംഗലത്ത്‌ 20ന്‌


കൊച്ചി
സിപിഐ എം കോലഞ്ചേരി ഏരിയ സമ്മേളനത്തിന്‌ ചൊവ്വാഴ്ചയും കോതമംഗലം സമ്മേളനത്തിന്‌ ബുധനാഴ്ചയും പതാക ഉയരും. പതാക–-കൊടിമര ജാഥ, പ്രതിനിധി സമ്മേളനം, ചുവപ്പുസേന പരേഡ്‌, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. ഇരുസമ്മേളനങ്ങളും വെള്ളിയാഴ്ച സമാപിക്കും.


കോലഞ്ചേരി സമ്മേളന പതാക ജാഥ ചൊവ്വ പകൽ മൂന്നിന് മീമ്പാറയിൽ സി എ വർഗീസ് സ്മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. കെ കെ ഏലിയാസ് ക്യാപ്റ്റനായ ജാഥ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. ദീപശിഖ ജാഥ പട്ടിമറ്റത്ത്‌ ടി കെ പുരുഷോത്തമൻനായർ സ്മൃതിമണ്ഡപത്തിൽനിന്ന്‌ പകൽ രണ്ടിന്‌ ആരംഭിക്കും. എൻ കെ ജോർജ് ക്യാപ്റ്റനായ ജാഥ ജില്ലാ കമ്മിറ്റി അംഗം കെ വി ഏലിയാസ് ഉദ്ഘാടനം ചെയ്യും. കൊടിമരജാഥ രണ്ടിന്‌ വളയൻചിറങ്ങരയിൽ കെ പി പടനായർ സ്മൃതിമണ്ഡപത്തിൽനിന്ന്‌ തുടങ്ങും. എൻ എം അബ്ദുൾകരിം ക്യാപ്റ്റനായ ജാഥ ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യും.

മൂന്ന് ജാഥകളും ആറിന് കോലഞ്ചേരിയിൽ സംഗമിച്ച് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ എം എം ലോറൻസ് നഗറിൽ (വൈഎംസിഎ) എത്തി പതാക ഉയർത്തും.
ബുധൻ രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. 21ന്‌ പ്രതിനിധി സമ്മേളനം തുടരും. 22ന്‌ ചുവപ്പുസേന പരേഡും ബഹുജനറാലിയും പൊതുസമ്മേളനവും ചേരും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കോലഞ്ചേരി സ്വകാര്യ ബസ്‌ സ്റ്റാൻഡിനുസമീപം) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും.


കോതമംഗലത്ത്‌ ബുധൻ രാവിലെ സീതാറാം യെച്ചൂരി നഗറിൽ (കോതമംഗലം കല ഓഡിറ്റോറിയം) പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമാകും. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. 21ന്‌ പ്രതിനിധി സമ്മേളനം തുടരും. 22ന്‌ വൈകിട്ട്‌ ചുവപ്പുസേന പരേഡും ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (തങ്കളം ലോറി സ്റ്റാൻഡ്‌) പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം എംപി ഉദ്‌ഘാടനം ചെയ്യും.
 

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top