19 October Saturday
ഗതാഗതമന്ത്രി ആപ്പ്‌ പുറത്തിറക്കി

ഗതാഗതനിയമലംഘകർ കുടുങ്ങും ; സിറ്റിസണ്‍ സെന്റിനല്‍ ആപ്പ്‌ തയ്യാർ

സ്വന്തം ലേഖികUpdated: Friday Oct 18, 2024

കലൂർ നെഹ്റു സ്റ്റേഡിയം മെട്രോസ്റ്റേഷനുസമീപം നിയമലംഘനം നടത്തിയ 
കാറിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ്‌ ചെയ്‌ത്‌ ഗതാഗതമന്ത്രി 
കെ ബി ഗണേഷ് കുമാർ സിറ്റിസൺ സെന്റിനൽ ആപ്പ്‌ ഉദ്‌ഘാടനം ചെയ്യുന്നു


കൊച്ചി
ഗതാഗതനിയമലംഘനങ്ങൾ അധികൃതരെ അറിയിക്കാൻ ലക്ഷ്യമിട്ട്‌ പൊതുജനങ്ങൾക്കായി മോട്ടോർ വാഹനവകുപ്പ്‌ തയ്യാറാക്കിയ ‘സിറ്റിസൺ സെന്റിനൽ ആപ്പ്‌’ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കി. രാജ്യത്ത്‌ ഈ സംവിധാനം നടപ്പിലാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം.

ഗൂഗിൾ പ്ലേസ്‌റ്റോറിൽ ലഭ്യമാകുന്ന എംപരിവാഹൻ ആപ്പിന്റെ ഭാഗമാണ്‌ സിറ്റിസൺ സെന്റിനൽ ആപ്പും. നിയമലംഘനങ്ങൾ വ്യക്തികൾക്ക്‌ മൊബൈൽ ഫോണിൽ ഫോട്ടോ ആയോ വീഡിയോ ആയോ പകർത്തി സിറ്റിസൺ സെന്റിനൽ ആപ്പിലൂടെ പരിവാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. മോട്ടോർ വാഹന വകുപ്പ് ഇത് പരിശോധിച്ച് ബന്ധപ്പെട്ട വ്യക്തിക്ക് പിഴ ചുമത്തുന്നതിന് ഇ ചെലാൻ തയ്യാറാക്കി അയക്കും. വീഡിയോ എട്ട്‌ എംപി വരെയാകാം. ആപ്പ്‌ ഇപ്പോൾ ട്രയൽ റണ്ണിലാണെന്നും ആവശ്യമെങ്കിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോസ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷയായി.

മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ഗതാഗത കമീഷണർ നാഗരാജു ചകിലം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പി എസ് പ്രമോദ്ശങ്കർ എന്നിവർ സംസാരിച്ചു.  നാഷണൽ ഇൻഫർമാറ്റിക്‌ സെന്ററാണ്‌  ആപ്പ്‌ ഡിസൈൻ ചെയ്‌തത്‌. എൻഐസി ഡയറക്ടർ പ്രദീപ് സിങ്‌ സിറ്റിസൺ സെന്റിനൽ ആപ്പ് അവതരിപ്പിച്ചു. വീഡിയോ ടി ജെ വിനോദ് എംഎൽഎയും പ്രകാശിപ്പിച്ചു.

ആദ്യ നിയമലംഘന ഫോട്ടോ 
അപ്‌ലോഡ്‌ ചെയ്‌ത്‌ ഗതാഗതമന്ത്രി
ആദ്യമായി സിറ്റിസൺ ആപ്പിൽ ഗതാഗതനിയമലംഘനം അപ്‌ലോഡ്‌ ചെയ്‌തത്‌  മന്ത്രി കെ ബി ഗണേഷ്‌കുമാർ. സിറ്റിസൺ ആപ്പിന്റെ ഉദ്‌ഘാടനത്തിനായി കലൂർ മെട്രോ സ്‌റ്റേഷനിലെത്തിയ മന്ത്രി നോ പാർക്കിങ് ബോർഡിന്‌ താഴെ പാർക്ക്‌ ചെയ്‌തിരുന്ന കാറിന്റെ ഫോട്ടോയാണ്‌ ഫോണിൽ എടുത്ത്‌ സിറ്റിസൺ ആപ്പിൽ അപ്‌ലോഡ്‌ ചെയ്‌തത്‌. ആപ്പിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്ത വ്യക്തിയുടേതായിരുന്നു കാർ. ഫൈൻ അടയ്‌ക്കാനുള്ള നിർദേശം ചടങ്ങിൽ സന്നിഹിതനായിരുന്ന കാറുടമയ്‌ക്ക്‌ എസ്‌എംഎസായി ലഭിച്ചുവെന്നും മന്ത്രി ഉറപ്പുവരുത്തി. കാറുടമയുടെ ഫോണിലെ എസ്‌എംഎസ്‌ പരിശോധിച്ച മന്ത്രി, ഫൈൻ തുക എത്രയെന്ന്‌ അതിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ സോഫ്‌റ്റ്‌വെയർ തയ്യാറാക്കിയ എൻഐസി ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. അതുകൂടി ഉൾപ്പെടുത്തി സോഫ്‌റ്റ്‌വെയർ പരിഷ്‌കരിക്കാനും നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top