26 December Thursday
സിഐടിയു സംസ്ഥാന കമ്മിറ്റി അവകാശപത്രിക സമർപ്പിക്കും

കരാർ തൊഴിലാളികളുടെ അവകാശ
പ്രഖ്യാപനമായി സംസ്ഥാന കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


ആലുവ
കരാർ തൊഴിലാളികൾ നേരിടുന്ന ചൂഷണവും നീതിനിഷേധവും ചൂണ്ടിക്കാട്ടിയും ന്യായമായ തൊഴിലവകാശങ്ങൾ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടും കരാർ തൊഴിലാളികളുടെ (സിഐടിയു) സംസ്ഥാന കൺവൻഷൻ. ആവശ്യങ്ങൾ ഏകീകരിച്ച് നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് സംസ്ഥാന-, കേന്ദ്ര തൊഴിൽമന്ത്രിമാർക്കും പൊതു, സ്വകാര്യ മേഖലാ മാനേജ്‌മെന്റുകൾക്കും വൻകിട കരാറുകാർക്കും സിഐടിയു സംസ്ഥാന കമ്മിറ്റി അവകാശപത്രിക സമർപ്പിക്കും. ഡിസംബർ 18 കരാർ തൊഴിലാളികളുടെ അവകാശദിനമായി സംസ്ഥാനത്താകെ ആചരിക്കാനും തീരുമാനിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ അധ്യക്ഷനായി.

കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, പിഎഫ്, ബോണസ്, ഗ്രാറ്റുവിറ്റി, ഇഎസ്‌ഐ എന്നിവ എല്ലാ വിഭാഗം കരാർ തൊഴിലിനും ബാധകമാക്കുക, നിയമപ്രകാരമുള്ള ലീവും അവധിദിനങ്ങളും അനുവദിക്കുക, അവധിദിനങ്ങളിലെ തൊഴിലിന് ഇരട്ടിവേതനം നൽകുക, സ്ഥിരം നിയമനങ്ങളിൽ പ്രഥമപരിഗണന നൽകുക, ഇഎസ്ഐ ശമ്പളപരിധിയും മിനിമം പെൻഷനും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉന്നയിച്ചത്‌.
പലയിടങ്ങളിലും കരാർ തൊഴിലാളി 12 മണിക്കൂർവരെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നു. വൻകിട മാളുകളിലടക്കം വിശ്രമം അനുവദിക്കുന്നില്ല. അവധിദിനങ്ങളോ ഓഫോ ഇല്ല. പിഎഫ്‌, ഗ്രാറ്റുവിറ്റി, ഇഎസ്ഐ എന്നിവയിലെ തൊഴിലുടമയുടെ വിഹിതംപോലും തൊഴിലാളിയുടെ കൂലിയിൽനിന്നാണ്‌ അടയ്‌ക്കുന്നത്‌. അതിഥിത്തൊഴിലാളികളെയും ഗിഗ് പ്ലാറ്റ്ഫോം തൊഴിലാളികളെയും ഇടനിലക്കാർ കൊള്ളയടിക്കുന്നു. സെക്യൂരിറ്റി സർവീസ്‌ നടത്തുന്ന സ്വകാര്യ ഏജൻസികളിലും വലിയ ചൂഷണമാണ്‌. സിയാലിൽ ഉൾപ്പെടെ സ്ഥിരസ്വഭാവമുള്ള തൊഴിൽ ചെയ്‌തിട്ടും മിനിമം വേതനം നൽകുന്നില്ലെന്നും കൺവൻഷൻ എടുത്തുപറഞ്ഞു.

സിഐടിയു ജില്ലാ ട്രഷറർ സി കെ പരീത്, സംഘാടകസമിതി ചെയർമാൻ വി സലിം, സി കെ മണിശങ്കർ, കെ വി മനോജ്, എ പി ലൗലി, കെ എ അലി അക്ബർ, ടി വി സൂസൻ, എം പി ഉദയൻ, എം ഇബ്രാഹിംകുട്ടി, സി ഡി നന്ദകുമാർ, പി എം സഹീർ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top