22 December Sunday

അഞ്ചാംക്ലാസുകാർ പഠിക്കും അനുജയുടെ അമ്മക്കവിത

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

അനുജ

മഞ്ചേരി> ‘കറിയുപ്പ് തീർന്നു... എങ്കിലും, വിയർപ്പുപ്പ് ഊറ്റിയെടുത്ത്, ആ അമ്മ കഞ്ഞിയുണ്ടാക്കി’. 13 വർഷംമുമ്പ് കൈയെഴുത്ത് മാസികക്കായി അനുജ കുറിച്ചിട്ട ‘വിയർപ്പുപ്പ്’ അമ്മക്കവിത അഞ്ചാംക്ലാസ് വിദ്യാർഥികൾ മലയാളം പാഠപുസ്‌തകത്തിൽ പഠിക്കും.

മലയാളം പുസ്‌തകത്തിന്റെ രണ്ടാം ഭാഗത്തിൽ ‘അമ്മയെക്കുറിച്ച്' എന്ന ശീർഷകത്തിൽ ഒരുക്കിയ 26 കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരത്തിലാണ് അനുജയുടെ അമ്മക്കവിത. പത്താംക്ലാസിൽ പഠിക്കുമ്പോൾ മഞ്ചേരി എച്ച്എംവൈ എച്ച്എസ്എസിൽ പ്രസിദ്ധീകരിച്ചിരുന്ന ‘നിറം' പതിപ്പുകളിലൂടെയാണ് അനുജയുടെ കവിത വെളിച്ചംകണ്ടത്. പിന്നീട് എൽഎസ്എസ് പരീക്ഷക്കുള്ള ചോദ്യക്കടലാസിലും കവിത വിഷയമായി വന്നതോടെ അമ്മക്കവിതയെ കുറിച്ചുള്ള ചർച്ച ചൂടേറി. നാലുവരി കവിത സമൂഹ മാധ്യമങ്ങളിലും വൈറലായി. എഴുത്തുകാരിയെ കുറിച്ചുള്ള അന്വേഷണവും തകൃതിയായി. ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എംഫില്ലും പൂർത്തിയാക്കി ഇപ്പോൾ അസാപ്പിൽ പരിശീലകയായി ജോലിനോക്കുകയാണ് അനുജ.

രണ്ടാംക്ലാസുതൊട്ട്  എഴുതിത്തുടങ്ങി. കണ്ണാംതുമ്പി പാടത്തെ പാട്ടുണ്ടോ, എന്നോടിഷ്ടം കൂടാൻ ഞാനുണ്ടേ... ഇതായിരുന്നു ആ വരികൾ. കവിത സഹോദരി സ്കൂൾ കലോത്സവത്തിൽ പാടി സമ്മാനം നേടി. വരികൾ കണ്ട് ഇഷ്ടമായ അമ്മയാണ് എഴുതാൻ പ്രോത്സാഹിപ്പിച്ചതെന്ന് അനുജ പറഞ്ഞു. മഞ്ചേരി മുള്ളമ്പാറയിലെ എൻ പി മോഹൻരാജിന്റെയും ഷീജയുടെയും മകളാണ്. ശ്രീഹരിയാണ് ഭർത്താവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top