23 November Saturday

കേരളത്തെ സമ്പൂര്‍ണ 
വലിച്ചെറിയല്‍മുക്ത സംസ്ഥാനമാക്കും : മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Oct 3, 2024


കൊല്ലം
കേരളത്തെ 2025 മാർച്ച്‌ 30നകം സമ്പൂർണ മാലിന്യ വലിച്ചെറിയൽമുക്ത സംസ്ഥാനമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊട്ടാരക്കരയിൽ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജൈവ, അജൈവ മാലിന്യത്തെ 100ശതമാനവും ഉറവിടത്തിൽ തരംതിരിച്ചും അജൈവ മാലിന്യം വാതിൽപ്പടിയിൽ ശേഖരിച്ചും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിച്ചും വൃത്തിയുള്ള പൊതു ഇടം സൃഷ്‌ടിക്കുക, ജലാശയങ്ങളിലെ  ഖരമാലിന്യം നീക്കി നീരൊഴുക്ക് ഉറപ്പാക്കുക എന്നിവയാണ്‌ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

90ശതമാനം വീട്ടിലും സ്ഥാപനത്തിലും നിലവിൽ വാതിൽപ്പടി മാലിന്യ ശേഖരണം നടത്തുന്നുണ്ട്‌. 17,809 മിനി എംസിഎഫും 1,293 എംസിഎഫും 124 ആർആർഎഫും സ്ഥിരം സംവിധാനങ്ങളായി പ്രവർത്തിക്കുന്നു. ക്ലീൻ കേരള കമ്പനി ലിമിറ്റഡുമായി നിലവിൽ 712 സ്ഥാപനങ്ങൾ കരാറില്‍ ഏർപ്പെട്ടു. 4.17കോടി രൂപ കമ്പനി മുഖേന ഈ സാമ്പത്തിക വർഷംമാത്രം ഹരിതകർമസേനയ്ക്ക് ലഭ്യമാക്കി. അജൈവമാലിന്യ ശേഖരണ സംവിധാനത്തിനായി 29 സ്വകാര്യ ഏജൻസികളെക്കൂടി എം പാനൽ ചെയ്തു.
അതിവേഗം നഗരവൽക്കരിക്കപ്പെടുകയും ജനസാന്ദ്രത ദ്രുതഗതിയിൽ വർധിക്കുകയും ചെയ്യുന്ന കേരളത്തിൽ ശാസ്‌ത്രീയ മാലിന്യസംസ്കരണം അനിവാര്യമാണ്.
മാലിന്യസംസ്കരണം, ജലമിതോപയോഗം, കൃഷി, ഊർജസംരക്ഷണം എന്നിവയിൽ അവബോധമുണ്ടാകാൻ അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടമാക്കും. കേരളപ്പിറവി ദിനത്തോടെ 10ശതമാനം അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടമായി മാറാനാകണം.

കേരളപ്പിറവി ദിനത്തിൽ എല്ലാ തദ്ദേശസ്ഥാപനത്തിലും ഒരു പട്ടണമെങ്കിലും മാലിന്യമുക്തമാക്കി മാതൃകയാക്കും. ആയിരത്തിലധികം പട്ടണങ്ങളെ മാലിന്യമുക്തമാക്കി നാടിന്‌ സമർപ്പിക്കും. 2025 ജനുവരി 26ന് മുമ്പ് സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളെയും ഇത്തരത്തിൽ മാറ്റിയെടുക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top