കൊച്ചി
ഏഴുവയസ്സിനിടെ കാൽലക്ഷം ചിത്രങ്ങൾ വരച്ചുതീർത്ത് വർണങ്ങളുടെ ലോകത്തോട് വിടപറഞ്ഞ തോമസ് ക്ലിന്റിന് കൊച്ചിയിൽ സ്മാരകമൊരുങ്ങുന്നു. ജിസിഡിഎയുടെ നേതൃത്വത്തിൽ കടവന്ത്രയിൽ ഗാന്ധിനഗർ ഷോപ്പിങ് കോംപ്ലക്സിൽ ഒരുക്കുന്ന ആർട്ട് ഗ്യാലറിയിൽ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ കുഞ്ഞുലോകം നിറയും.
2400 ചതുരശ്രയടിയിൽ 65 ലക്ഷം രൂപ ചെലവിലാണ് ആർട്ട് ഗ്യാലറി ഒരുക്കുന്നത്. ചിത്രപ്രദർശന മുറികൾ, ടിക്കറ്റ് കൗണ്ടർ, ക്ലോക്ക് റൂം, ശുചിമുറി ഉൾപ്പെടെ ഗ്യാലറിയിലുണ്ടാകും. ക്ലിന്റിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ചിത്രകലാപ്രവർത്തകർക്ക് സൃഷ്ടികൾ പ്രദർശിപ്പിക്കാൻ സൗകര്യവുമുണ്ടാകും. കുഞ്ഞുപ്രതിഭകൾക്ക് ചിത്രങ്ങൾ വരയ്ക്കാനും പ്രദർശിപ്പിക്കാനും പ്രത്യേക ഇടം ഒരുക്കും. ക്ലിന്റിന്റെ യഥാർഥ ചിത്രങ്ങളുടെ വിൽപ്പനയും പദ്ധതിയിലുണ്ട്.
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ചാണ് ഗ്യാലറി ഒരുക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ആറുമാസത്തിനകം നവീകരണം പൂർത്തിയാക്കി ഗ്യാലറി തുറക്കാനാണ് ശ്രമമെന്ന് ജിസിഡിഎ അധികൃതർ അറിയിച്ചു.
എം ടി ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി 1976 മാർച്ചിലാണ് ക്ലിന്റ് ജനിച്ചത്. ഹോളിവുഡ് നടൻ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ പേരിൽനിന്നാണ് മാതാപിതാക്കൾ ക്ലിന്റിന് ആ പേര് കണ്ടെത്തിയത്. ആറാംമാസംമുതൽ ക്ലിന്റ് തുടങ്ങിയ വര കാൽലക്ഷം ചിത്രങ്ങളിലേക്കും നിരവധിയാളുകളുടെ മനസ്സിലേക്കും ചേക്കേറി. വൃക്കരോഗം ബാധിച്ച ക്ലിന്റ് ഏഴാംജന്മദിനാഘോഷത്തിന് ഒരുമാസംമുമ്പ് കലാലോകത്തോട് വിടപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..