22 December Sunday

അന്ന സെബാസ്റ്റ്യന്റെ മരണം; തൊഴിൽ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

തിരുവനന്തപുരം > രാജ്യത്ത് എല്ലാ മേഖലകളിലും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണ മരിച്ച സംഭവത്തിൽ പി പി ചിത്തരഞ്ജൻ്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നോട്ടീസിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം കങ്ങരപ്പടി സ്വദേശിനി 26 വയസ്സുള്ള അന്ന സെബാസ്റ്റ്യൻ ഏണസ്റ്റ് & യംഗ്  എന്ന കമ്പനിയുടെ പൂനെയിലുള്ള ഓഫീസിൽ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ജൂലൈ 21ന് മരണപ്പെടുകയുണ്ടായി. തുടർന്ന് കമ്പനി ചെയർമാനയച്ച കത്തിൽ ജോലി സ്ഥലത്ത് ഇളവ് ലഭിക്കാതെയും അമിത ജോലിഭാരവും സമ്മർദ്ദവും അനുഭവിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്താമെന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകിയതായി അറിവായിട്ടുണ്ട്. അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വിവരം ലഭിച്ചിട്ടുണ്ട്.

വിശ്രമമില്ലാത്ത ജോലിയും പിരിച്ചുവിടൽ ഭീഷണിയും തൊഴിൽ അവകാശങ്ങളുടെ നിഷേധവുമൊക്കെ ഐടി രംഗത്ത് ഉൾപ്പെടെ ചില തൊഴിൽ മേഖലകളിൽ ഉണ്ടെന്ന ആക്ഷേപമുണ്ട്. സംസ്ഥാനത്തെ ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി ഒപ്പുവച്ചിട്ടുള്ള പാട്ടക്കരാറിൽ സംസ്ഥാനത്ത് നിലവിലുളള എല്ലാ തൊഴിൽ  നിയമങ്ങളും പാലിച്ചിരിക്കണമെന്ന നിബന്ധന ചെയ്തിട്ടുണ്ട്. പ്രസ്തുത നിബന്ധനകൾ പാലിക്കാത്തപക്ഷം ജീവനക്കാർക്ക് നിലവിലുളള നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി നടപടികൾ തേടാനും കഴിയും.

കോവിഡിന് ശേഷം കൂടുതൽ കമ്പനികൾ 'വർക്ക് ഫ്രം ഹോം' സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലുള്ള തൊഴിൽ നിയമങ്ങളിൽ ഇത് സംബന്ധിച്ച് വ്യക്തമായ സമയക്രമം പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top