തുരുവനന്തപുരം > സൈബർ സാമ്പത്തിക തട്ടിപ്പിനെതിരെ പൊലീസ് സോഷ്യൽ മീഡിയ പേജുകൾ വഴി ബോധവൽക്കരണം നടത്തിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ സാദത്ത് എംഎൽഎയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് സമഗ്രമായ സൈബർ സുരക്ഷിത 'ഫിൻ ഇക്കോ സിസ്റ്റം' ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് കേന്ദ്ര സർക്കാരിൻറെയും റിസർവ് ബാങ്കിൻറെയും സംയുക്ത ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സൈബർ കുറ്റകൃത്യങ്ങളും അനുദിനം വർദ്ധിച്ചുവരികയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിന് സൈബർ പൊലീസ് ഡിവിഷൻ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. അതോടൊപ്പം എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന ടോൾ ഫ്രീ നമ്പരും, www.cybercrime.gov.in എന്ന വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പ് നടത്തിയ മുപ്പതിനായിരത്തിലേറെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം ബ്ലോക്ക് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ പ്രവർത്തനരഹിതമാക്കിയും പ്രതികളെ അറസ്റ്റ് ചെയ്തും കർശന നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..