22 December Sunday

"ആവശ്യപ്പെട്ടത് 1,202 കോടി, കേന്ദ്രം ഒരു രൂപ നൽകിയില്ല'; അർഹമായ സഹായം വൈകുന്നിതിൽ എംപിമാർ പ്രതിഷേധം അറിയിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

തിരുവനന്തപുരം> വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശത്തിന് അർഹതപ്പെട്ട ധനസഹായം നേടിയെടുക്കാൻ എംപിമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അർഹമായ ദുരന്തസഹായം വൈകുന്നതിലുള്ള ഗൗരവതരമായ പ്രതിഷേധം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ജൂലൈ 30നാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കേന്ദ്ര സംഘം വന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തു. ആഗസ്ത് 10ന് പ്രധാനമന്ത്രി തന്നെ നേരിട്ട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന് കേരളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടെങ്കിലും പ്രത്യേക ധനസഹായമായി ഒരു രൂപാ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ധനസഹായം കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കുകുയും കേരളം സമർപ്പിച്ചിട്ടുള്ള മെമ്മോറാണ്ടത്തിലെ ആവശ്യങ്ങൾ അനുവദിപ്പിക്കുക എന്നതും പ്രധാനമാണ്. അതിന് കേരളത്തിൽ നിന്നുള്ള എംപിമാരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എംപിമാരായിട്ടുള്ള കേരളീയരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം

കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതിൽ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ നമുക്ക് 24,000 കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് 15-ാം ധനകാര്യ കമ്മീഷൻ വകയിരുത്തിയ തുകയും, എൻ എച്ച് എമ്മിന്റെ ഭാഗമായി അനുവദിക്കാനുള്ള തുകയും, യു ജി സി ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയും ഒന്നും കേന്ദ്ര സർക്കാർ ഇനിയും ലഭ്യമാക്കിയിട്ടില്ല.

ഈയൊരു സാഹചര്യം നിലനിൽക്കെയാണ് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. അതിനും കേന്ദ്രത്തിൽ നിന്നു പ്രത്യേക ധനസഹായമൊന്നും നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. ദുരന്തമുണ്ടായ ഉടനെ തന്നെ ആർമി, നേവി, കോസ്റ്റ് ഗാർഡ്, ദുരന്ത പ്രതികരണ സേന എന്നിവയുടെ എല്ലാം സഹായം നമുക്കു ലഭ്യമായി. അതാകട്ടെ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഗതാഗത സൗകര്യങ്ങൾ അതിവേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനും വളരെ സഹായകരമാവുകയും ചെയ്തു. അവയോടെല്ലാം ഉള്ള നന്ദി സംസ്ഥാനം ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹകരണവും വിവിധ സേനകളെ ലഭ്യമാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും എടുത്ത നേതൃത്വവും പാർലമെന്റിൽ അഭിനന്ദിക്കുന്നത് ഉചിതമാവും. അതേസമയം, കേരളത്തിന് അർഹമായ ദുരന്തസഹായം വൈകുന്നതിലുള്ള ഗൗരവതരമായ പ്രതിഷേധം അറിയിക്കുകയും വേണം.

ജൂലൈ 30 ന് പുലർച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കേന്ദ്ര സംഘം വന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്. അതിനു തൊട്ടുപുറകെ ആഗസ്റ്റ് 10 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി തന്നെ നേരിട്ട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. കേന്ദ്ര സംഘത്തിനു മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ നമ്മുടെ ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ചിരുന്നു.

ഒട്ടും വൈകാതെ ആഗസ്റ്റ് 17 നു തന്നെ ദുരന്തത്തിൽ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എൻ ഡി ആർ എഫ്) മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകുകയും ചെയ്തു. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉൾപ്പെടുത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷം നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമർപ്പിച്ചിട്ട് മൂന്ന് മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയിൽ മറ്റ് പല സംസ്ഥാനങ്ങൾക്കും അവർ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നൽകിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപാ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാൽ ഇതിനോടകം, എസ്ഡിആർഎഫിൽ നിന്നും സിഎംഡിആർഎഫിൽ നിന്നുമായി അടിയന്തിര സഹായമായും ശവസംസ്‌കാരത്തിനുള്ള സഹായമായും മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായമായും ചികിത്സാ സഹായമായും ഉപജീവന സഹായമായും വീട്ടുവാടകയായും ഒക്കെ 25 കോടിയിലധികം രൂപ കേരളം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ മാതാപിതാക്കൾ മരണപ്പെട്ട കുഞ്ഞുങ്ങൾക്കുള്ള പ്രത്യേക ധനസഹായം വനിത- ശിശുവികസന വകുപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനം ഇതൊക്കെ ചെയ്തപ്പോൾ പിഎംഎൻആർഎഫിൽ നിന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായമായും ഗുരുതര പരിക്കേറ്റവർക്കുള്ള ചികിത്സാ സഹായമായും ആകെ 3.31 കോടി രൂപ മാത്രമാണ് കേന്ദ്രം ലഭ്യമാക്കിയിട്ടുള്ളത്.

ദുരന്തബാധിത പ്രദേശത്തെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ- വിദ്യാഭ്യാസ സൗകര്യങ്ങൾ ഉൾപ്പെടെ അടങ്ങുന്ന സമഗ്രമായ ഒരു ടൗൺഷിപ്പാണ് മേപ്പാടിയിൽ നമ്മൾ വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തെ നൽകിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ് നടത്തി വിശദമായ റിപ്പോർട്ട് നവംബർ 13 ന് കേന്ദ്ര സർക്കാരിനു നൽകിയിട്ടുണ്ട്. റിക്കവറി ആൻഡ് റീകൺസ്ട്രക്ഷൻ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെടേണ്ടതുണ്ട്.

കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തിൽ മൂന്ന് പ്രധാന കാര്യങ്ങളാണ് നമ്മൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഒന്നാമത്തെ ആവശ്യം മേപ്പാടി-ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് 'Disaster of Severe Nature' - അതായത് തീവ്രസ്വഭാവമുള്ള ദുരന്തം - ആയി പ്രഖ്യാപിക്കണം എന്നതായിരുന്നു. ഇത്തരത്തിൽ പ്രഖ്യാപിച്ചാൽ പുനരധിവാസത്തിനായി വിവിധ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാരിന് കൂടുതൽ തുക കണ്ടെത്താൻ ശ്രമിക്കാം. കൂടാതെ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും കേരളത്തിനു സഹായം നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാവുകയും ചെയ്യും.

രണ്ടാമത്തെ ആവശ്യം ദുരന്തനിവാരണ നിയമത്തിന്റെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം എന്നതായിരുന്നു. അതിനും ഈ പ്രഖ്യാപനം വഴിയൊരുക്കുമായിരുന്നു. മൂന്നാമത്തെ ആവശ്യം മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അടിയന്തര സഹായം അനുവദിക്കണം എന്നതായിരുന്നു.

ഈ മൂന്ന് ആവശ്യങ്ങളിൽ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂലമായ ഒരു മറുപടി തന്നിട്ടില്ല. മേപ്പാടിയിലെ ദുരന്തത്തെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ ലോണുകൾ എഴുതിത്തള്ളിയിട്ടുമില്ല.

അതുകൊണ്ടുതന്നെ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് ഏറ്റവും പ്രധാനമായിട്ടുള്ളത് അടിയന്തര ധനസഹായം കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കുക എന്നതും നമ്മൾ സമർപ്പിച്ചിട്ടുള്ള മെമ്മോറാണ്ടത്തിലെ ആവശ്യങ്ങൾ അനുവദിപ്പിക്കുക എന്നതും നമ്മുടെ റിക്കവറി ആൻഡ് റീകൺസ്ട്രക്ഷൻ എസ്റ്റിമേറ്റ് അംഗീകരിപ്പിച്ചെടുക്കുക എന്നതുമാണ്. അതിന് കേരളത്തിൽ നിന്നുള്ള എം പിമാരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എം പിമാരായിട്ടുള്ള കേരളീയരും ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

ഈയവസരത്തിൽ ഒരു കാര്യം സൂചിപ്പിക്കട്ടെ. ചൂരൽമലയിലെയും വിലങ്ങാട്ടിലെയും ഉരുൾപൊട്ടലുകളെ കലാമിറ്റി ഓഫ് സിവിയർ നേച്ചർ ആയി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ പാർലമെന്റ് അംഗങ്ങൾക്കും ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി തങ്ങളുടെ എം പി ലാഡ് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വരെ ലഭ്യമാക്കാൻ കഴിയും. കേരളത്തിൽ നിന്നുള്ള എല്ലാ ലോക്‌സഭ - രാജ്യസഭാംഗങ്ങളും ദുരന്തബാധിത പ്രദേശങ്ങളെ ഈ വിധത്തിൽ സഹായിക്കാനായി മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കട്ടെ.  

കേന്ദ്ര സർക്കാർ ഇതിനെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചാൽ, രാജ്യത്താകെയുള്ള പാർലമെന്റ് അംഗങ്ങൾക്ക് ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി തങ്ങളുടെ എംപി ലാഡ് ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ ലഭ്യമാക്കാൻ കഴിയും. കേന്ദ്രം പറയുന്നത് കേരളത്തിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ഫണ്ടുണ്ട് എന്നാണ്. ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം സാധാരണ ഗതിയിൽ കേരളത്തിന് ലഭിക്കുന്ന ഫണ്ടാണത്. അല്ലാതെ, മേപ്പാടിയിലെ ദുരന്തത്തിന്റെ പശ്ചത്താലത്തിൽ സവിശേഷമായി ലഭിച്ചതല്ല. അത്തരം വലിയ ദുരന്തങ്ങളെ നേരിടാൻ പര്യാപ്തമല്ല സാധാരണ നിലയ്ക്കുള്ള ഫണ്ട് വകയിരുത്തൽ.

എസ് ഡി ആർ എഫ് ഫണ്ടുകൾ ഉപയോഗിച്ചാണ് കേരളത്തിൽ വർഷാവർഷം ഉണ്ടാകുന്ന ചെറുതും വലുതും ആയ വിവിധ ദുരന്തങ്ങളുടെ നിവാരണം നടത്തുന്നത്. ഓരോ വർഷവും ശരാശരി 400 കോടി രൂപയുടെ പ്രവൃത്തികൾ ആ നിധിയിൽ നിന്നും നടത്തിവരുന്നുണ്ട്. റോഡുകൾ, വീടുകൾ, മരണങ്ങൾ, എന്നിങ്ങനെ ദുരന്തങ്ങൾ മൂലം കേരളത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള സഹായം ആ നിധിയിൽ നിന്നാണ് നൽകിവരുന്നത്. കണിശമായ മാനദണ്ഡങ്ങൾ പ്രകാരം മാത്രമേ ആ തുക വിനിയോഗിക്കുവാൻ കഴിയൂ.

വീട് നഷ്ടപ്പെട്ടാൽ എസ് ഡി ആർ എഫിന്റെ മാനദണ്ഡങ്ങൾ പ്രകാരം ശരാശരി ഒന്നേകാൽ ലക്ഷം രൂപ മാത്രമേ ലഭ്യമാക്കാൻ കഴിയൂ. നമ്മൾ ഇവിടെ സി എം ഡി ആർ എഫ് വിഹിതവും ചേർത്താണ് കുറഞ്ഞത് 4 ലക്ഷം രൂപ ലഭ്യമാക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പ് പണിയാനാണ് നമ്മൾ ലക്ഷ്യമിടുന്നത്. ഒരു വീടിന് 10 ലക്ഷം രൂപയിലധികം ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ എസ് ഡി ആർ എഫിലെ മാനദണ്ഡങ്ങൾ പ്രകാരം അത് യാഥാർത്ഥ്യമാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഈ ദുരന്തത്തെ അതിജീവിക്കാനായി നമുക്ക് പ്രത്യേക ധനസഹായം വേണമെന്ന് ആവശ്യപ്പെടുന്നത്.

മറ്റ് ചില വിഷയങ്ങൾകൂടി ഉണ്ട്. മൂലധന നിക്ഷേപത്തിനായി കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതികളിൽ 1,546.92 കോടി രൂപയുടെ വായ്പാ പദ്ധതികൾക്കുള്ള സഹായം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നേടിയെടുക്കേണ്ടതുണ്ട്. വിഴിഞ്ഞം പദ്ധതിക്കായി 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തുക പ്രീമിയം റവന്യൂ ഷെയറിങിലൂടെ തിരിച്ചടയ്ക്കണമെന്ന് ഇപ്പോൾ വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ഭാവിയിൽ അത് കേരളത്തിന് 12,000 കോടി രൂപയുടെ വരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ മറ്റു സംസ്ഥാനങ്ങൾക്ക് ബാധകവുമല്ല. അതുകൊണ്ടു തന്നെ വിഴിഞ്ഞത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് വ്യവസ്ഥ ഒഴിവാക്കി ഗ്രാന്റായി തന്നെ ലഭ്യമാക്കേണ്ടതുണ്ട്.

എയിംസ് എന്ന നമ്മുടെ ദീർഘകാലത്തെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. കോഴിക്കോട്ടെ കിനാലൂരിൽ 200 ഏക്കർ സ്ഥലം എയിംസിനായി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. കണ്ണൂർ വിമാനത്താവളം യാത്രക്കാർക്ക് പൂർണ്ണതോതിൽ പ്രയോജനപ്പെടണം എന്നുണ്ടെങ്കിൽ അതിന് പോയിന്റ് ഓഫ് കോൾ സ്റ്റാറ്റസ് ലഭിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ റെയിൽവേ വികസനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. അങ്കമാലി - ശബരി, നിലമ്പൂർ - നഞ്ചൻകോട്, തലശ്ശേരി - മൈസൂർ, കാഞ്ഞങ്ങാട് - കണിയൂർ എന്നീ റെയിൽപാതകൾ യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. നേമം ടെർമിനലും യാഥാർത്ഥ്യമാക്കേണ്ടതുണ്ട്.

വ്യാവസായിക പ്രാധാന്യം ഏറെയുള്ള കൊച്ചിയിൽ ഗ്ലോബൽ സിറ്റി പദ്ധതി കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ ഫണ്ട് ചെലവഴിക്കേണ്ടതാണ്. 620 കോടി രൂപയുടെ പദ്ധതിയാണ്. അതിന് അംഗീകാരം വങ്ങാൻ കഴിയേണ്ടതുണ്ട്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനം സമർപ്പിച്ച നിർദ്ദേശത്തിന് അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. പ്രദേശവാസികളുടെ ആശങ്കകൾ പൂർണ്ണതോതിൽ പരിഹരിക്കുന്നതിന് ഒഴിച്ചുകൂടാനാവാത്തതാണത്.

2019 ലെ കോസ്റ്റൽ റെഗുലേഷൻ സോൺ നോട്ടിഫിക്കേഷനിൽ സി ആർ ഇസഡ് 2 കാറ്റഗറിയിൽ കേരളത്തിലെ 66 തീരദേശ പഞ്ചായത്തുകളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. നമ്മുടെ 109 തീരദേശ പഞ്ചായത്തുകളെ കൂടി സി ആർ ഇസഡ് 2 കാറ്റഗറിയിൽ ഉൾപ്പെടുത്തണം എന്ന സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ  നേടിയെടുക്കാൻ കൂട്ടായി ശ്രമിക്കാം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top