14 December Saturday

സിനിമാ പൂരം കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

തിരുവനന്തപുരം> പതിനായിരങ്ങൾ നിറഞ്ഞ കനകക്കുന്ന്‌, നിശാഗന്ധി ഓഡിറ്റോറിയത്തിൽ കസേരയിലിരുന്നും തറയിലിരുന്നും സിനിമ കാണാൻ തയ്യാറായി ആസ്വാദകർ. പ്രായഭേദമന്വേ സിനിമയെന്ന മാന്ത്രികതയിൽ മുങ്ങിത്താഴാൻ തയ്യാറായി പ്രേക്ഷകർ. 29–-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങും തുടർന്നുള്ള സിനിമാ പ്രദർശനവും വമ്പർ ഹിറ്റായി.


വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് ചിത്രം "ഐ ആം സ്റ്റിൽ ഹിയർ' ആണ്‌ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചത്‌. ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ചിത്രം. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ ഫെസ്റ്റിവൽ ബുക്ക് വി കെ പ്രശാന്ത് എംഎൽഎയ്ക്ക് നൽകിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ഫെസ്റ്റിവൽ ബുക്ക് ക്യുറേറ്റർ ​ഗോൾഡാ സെല്ലത്തിന് നൽകിയും പ്രകാശിപ്പിച്ചു. ജെ സി ഡാനിയേൽ പുരസ്കാര ജേതാവ് ഷാജി എൻ കരുണിനെക്കുറിച്ച് എസ് ജയചന്ദ്രൻ നായർ രചിച്ച ഏകാന്തദീപ്തികൾ എന്ന പുസ്തകം അന്താരാഷ്ട്ര ജൂറി ചെയർപേഴ്സൺ ആ​ഗ്നസ് ​ഗൊദാർദ് പ്രകാശിപ്പിച്ചു. സാംസ്‌കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ആദ്യപ്രതി ഏറ്റുവാങ്ങി.

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി ചെയർപേഴ്സൺ ആഗ്നസ്‌ ഗൊദാർദ്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ്, അക്കാദമി സെക്രട്ടറി സി അജോയ്, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ എന്നിവരും പങ്കെടുത്തു. ആദ്യദിനമായ വെള്ളിയാഴ്ച അഞ്ച്‌ തിയറ്ററുകളിലായി 10 സിനിമകളും പ്രദർശിപ്പിച്ചിരുന്നു.

മേളയെ മികച്ചതാക്കുന്നത്‌ രാഷ്ട്രീയ 
ഉള്ളടക്കം:- മുഖ്യമന്ത്രി

രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം മുന്നോട്ടുപോയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരമാണ്. മേളയിലെ ചർച്ചകൾ, അഭിപ്രായ പ്രകടനങ്ങൾ തുടങ്ങിയവ പുരോഗമന സ്വഭാവമുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 29–-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്‌എഫ്‌കെ) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിനിമാ ആസ്വാദകരുടെയും സിനിമാ രംഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നവരുടെയും സിനിമാ പ്രവർത്തകരുടെയും സംഗമവേദിയാണ് ചലച്ചിത്ര മേള. പുതിയ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്കു കോർപറേറ്റുകൾ കടന്നുവരുന്നുണ്ട്. ഒരു വ്യവസായമെന്ന നിലയിൽ അതു സ്വാഭാവികമാണ്. പക്ഷേ, അതിനുമപ്പുറം കോർപറേറ്റ് താൽപ്പര്യങ്ങൾക്കനുസൃതമായ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കപ്പെടുന്നു. അവർക്ക് അനുയോജ്യമായ രീതിയിൽ സിനിമകൾ സൃഷ്ടിക്കപ്പെടാൻ സമ്മർദമുണ്ടാകുന്നു. ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണണം.

മൂന്നാം ലോക സിനിമയ്ക്ക്‌ പ്രത്യേക പ്രാധാന്യം നൽകുന്ന മേളയാണിത്.  ഐഎഫ്എഫ്കെ വേദിയിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം സ്ത്രീകളാണ് എന്നത് അഭിമാനകരമാണ്‌. സ്ത്രീകൾ കൂടുതലായി കടന്നുവരുന്നതിന്റെയും കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ദൃഷ്ടാന്തമായാണ് ഇതിനെ കാണേണ്ടത്. ഇത്തരത്തിലുള്ള ഇടപെടലുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനവും സർക്കാരും വലിയ ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top