കോഴിക്കോട്
സ്വർണക്കടത്തുകാരെയും ഹവാലക്കാരെയും പിടികൂടുമ്പോൾ ചിലർക്ക് പൊള്ളുന്നതെന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനോടനുബന്ധിച്ച് നിർമിച്ച എ കെ ജി ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോൾ അതിനെതിരെ പൊലീസ് നടപടി പാടില്ലെന്നാണോ ബന്ധപ്പെട്ടവർ കരുതുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല. നാടിന്റെ സംവിധാനങ്ങളെയാകെ തകിടംമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അത് ആർക്കുവേണ്ടിയാണെന്നും എന്താണ് പിന്നിലെന്നും ശ്രദ്ധിച്ചാൽ മനസ്സിലാകും.
സിപിഐ എം അതിന്റേതായ സംഘടനാരീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രത്യേക ബോധോദയത്താൽ കുറെ ആക്ഷേപങ്ങൾ ചൊരിഞ്ഞാൽ അതിന്റെ ഭാഗമായി തീരുമാനമെടുക്കുന്ന പാർടിയല്ല സിപിഐ എം. ഒരു തെറ്റും അംഗീകരിക്കാത്ത പാർടിയാണിത്. അതുകൊണ്ടുതന്നെ തെറ്റിലേക്ക് വലിച്ചിഴയ്‌ക്കാമെന്ന് ആരും കരുതേണ്ട.
വർഗീയ അജൻഡയുടെ ഭാഗമായി പുകമറ സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് ജനങ്ങൾ അംഗീകരിക്കില്ല. ഭൂരിപക്ഷ വർഗീയതയോടും ന്യൂനപക്ഷ വർഗീയതയോടും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സിപിഐ എം എല്ലാ കാലത്തും സ്വീകരിച്ചത്. ഏതെങ്കിലും വർഗീയശക്തി പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്‌ക്ക് എടുത്ത് എന്തും വിളിച്ചുപറയാമെന്ന് അരും കരുതേണ്ട. സിപിഐ എമ്മിനെയും നേതാക്കളെയും വർഗീയതയുടെ ആളുകളായി ചിത്രീകരിക്കാമെന്നത് വെറും വ്യാമോഹമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ അസംതൃപ്‌തി പരിഹരിക്കാനുള്ള ഒറ്റമൂലിയായി സംഘപരിവാറും ബിജെപി സർക്കാരും വർഗീയതയെ ഉപയോഗിക്കുകയാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയതയെ ശക്തമായി എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..