22 November Friday

മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരണം

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2024

തിരുവനന്തപുരം> കുത്തകകൾ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോൾ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൈരളി ടിവിയുടെ രജതജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശ, ദേശീയ കുത്തകകൾ പ്രാദേശിക ഭാഷയിൽപ്പോലും പിടിമുറുക്കുന്നു. കോടികൾ വിതച്ച്‌ കോടികൾ കൊയ്യാൻ മാധ്യമ ഉള്ളടക്കത്തെയും ജനമനസുകളെയും അവർ മലീമസമാക്കുകയാണ്‌. മാധ്യമങ്ങളുടെ അധാർമിക ആക്രമണത്തിന്‌ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷവും വിധേയമാകുന്നു. ഹീനമായ വിദ്വേഷണ പ്രചാരണത്തിനാണ്‌ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. വർഗീയതയെ മുതൽ ഭീകരതയെവരെ പരോക്ഷമായി വാഴ്‌ത്താനും അവർ മടിക്കുന്നില്ല. കർഷകരും പാർശ്വവൽക്കരിക്കപ്പെട്ടവരും അടങ്ങുന്ന ഭൂരിപക്ഷ ജനതയ്‌ക്കൊപ്പം നിൽക്കാൻ മാധ്യമങ്ങൾക്കാകണം. സമൂഹത്തിന്‌ എന്ത്‌ നൽകിയെന്ന ചോദ്യത്തിന്‌ ഉത്തരം നൽകാനുമാകണം.

നിഷ്‌പക്ഷത പലപ്പോഴും കാപട്യമാണ്‌. സത്യവും അസത്യവും ഏറ്റുമുട്ടുന്നിടത്ത്‌ നിഷ്‌പക്ഷത അധാർമികമാണ്‌. പല മാധ്യമങ്ങളും അധാർമിക രാഷ്‌ട്രീയ ആയുധങ്ങളായി മാറുന്നത്‌ നിഷ്‌പക്ഷതയുടെ മുഖംമൂടിയിട്ടാണ്‌. റേറ്റിങ്‌ വർധിപ്പിക്കാൻ എന്തും ചെയ്യാമെന്ന സമീപനം ചിലർ സ്വീകരിക്കുന്നുണ്ട്‌. അത്‌ വിശ്വാസ്യതയെ ബലികഴിച്ചാകരുത്‌. വിശ്വാസ്യത നഷ്ടമായാൽ എല്ലാം നഷ്ടപ്പെടും. പിന്നീടത്‌ വീണ്ടെടുക്കൽ പ്രയാസമാണ്‌.
വിശ്വാസ്യതയെ ബാധിച്ചാലോയെന്ന ആശങ്കയിൽ റേറ്റിങ്‌ ഉയർത്താൻ ശ്രമിക്കാതിരിക്കരുത്‌. രണ്ടും തമ്മിൽ ബാലൻസുണ്ടാകണം.

കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നുണ്ട്‌. ചിലപ്പോൾ വിലക്കാറുമുണ്ട്‌. മറുപടിയില്ലെന്നും പറഞ്ഞിട്ടുണ്ടാകാം. ക്ഷണിച്ചുവരുത്തിയിട്ട്‌, പുറത്തുപോകാൻ പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടൊന്നും കൈരളി തകർന്നിട്ടില്ല. വേറിട്ടൊരു മാധ്യമം എന്ന മുദ്രാവാക്യം നിലനിർത്താൻ കൈരളിക്കായി. കൈരളി ഉണ്ടായിരുന്നില്ലങ്കിൽ എന്താകുമായിരുന്നുവെന്ന്‌ നാടാകെ ചിന്തിച്ച ഘട്ടങ്ങളുണ്ട്‌. അതാണ്‌ കൈരളിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top