17 September Tuesday

ആർഎസ്‌എസുമായി ധാരണയുണ്ടാക്കിയത്‌ കോൺഗ്രസ്, ശാഖയ്‌ക്ക്‌ കാവൽ നിന്നെന്ന്‌ പറഞ്ഞത്‌ കെപിസിസി പ്രസിഡന്റ്‌ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024


കോവളം
ആർഎസ്‌എസുമായും ബിജെപിയുമായും ഒളിഞ്ഞും തെളിഞ്ഞും ബന്ധം പുലർത്തിയത്‌ കോൺഗ്രസാണെന്നതാണ്‌ ചരിത്രമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അവരാണ്‌ സിപിഐ എമ്മിന്‌ ആർഎസ്‌എസ്‌ ബന്ധം ആരോപിക്കുന്നത്‌. തങ്ങളെ ആർഎസ്എസിന്റെ ബന്ധുക്കളാക്കിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട. അത്തരം പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു–- സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസായ ഇ കെ നായനാർ സ്മാരക മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സിപിഐ എമ്മിനെ ദുർബലപ്പെടുത്തി ജനങ്ങൾക്കിടയിലേക്ക് കടന്നുകയറാനാണ് ആർഎസ്എസ് എന്നും ശ്രമിച്ചത്. അതിനെ പ്രതിരോധിച്ച പാർടിയാണെന്ന്‌ അഭിമാനത്തോടെ പറയാനാകും. അതിനിടെ ഒരുപാട് പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടു.  ആ പാർടിക്കെതിരെയാണ്‌ പ്രതിപക്ഷ നേതാവും വലതുപക്ഷ മാധ്യമങ്ങളും ആർഎസ്എസ് ബന്ധം ആരോപിക്കുന്നത്.  

ആർഎസ്എസ് ശാഖയ്‌ക്ക്‌ കാവൽനിന്നത്‌ വലിയ അഭിമാനത്തോടെ പറഞ്ഞത്  കെപിസിസി പ്രസിഡന്റാണ്. ആർഎസ്എസിന്റെ തലതൊട്ടപ്പൻ ഗോൾവാൾക്കറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുമ്പിൽ വിളക്ക് കത്തിച്ച് കുമ്പിട്ട് വണങ്ങി നിന്നത് ആരായിരുന്നുവെന്ന് മലയാള മനോരമ പരിശോധിക്കണം. കെ സി വേണുഗോപാലിന്റെ രാജ്യസഭാ സീറ്റ്‌  ബിജെപിക്ക് ദാനം ചെയ്യുകയായിരുന്നു. പി പരമേശ്വരൻ എന്ന ആർഎസ്എസിന്റെ ഉന്നത ശീർഷന്റെ പുസ്തക പ്രകാശനം നടത്തിയത് സിപിഐ എം നേതാ വല്ല. 

തലശേരി കലാപത്തിൽ ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ തകർക്കാൻ വന്ന ആർഎസ്എസിനെ പ്രതിരോധിച്ചത് സിപിഐ എമ്മാണ്.  കലാപമഴിച്ചുവിട്ട സംഘപരിവാറിനെ തടഞ്ഞതിന്‌ യു കെ കുഞ്ഞിരാമൻ എന്ന പ്രവർത്തകന്റെ ജീവൻ നഷ്ടപ്പെട്ട പ്രസ്ഥാനമാണിത്. ഞങ്ങളെപ്പറ്റി പറയാൻ പുറപ്പെടുമ്പോൾ, ആരെയൊക്കെയാണോ വെള്ളപൂശേണ്ടത് അവരുടെ ചരിത്രംകൂടി ഓർക്കുന്നത് നല്ലതാവും– മുഖ്യമന്ത്രി ഓർമിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top