25 November Monday
ക്രമക്കേടുകൾ തടഞ്ഞ്‌ പ്രവർത്തനം മെച്ചപ്പെടുത്തൽ ലക്ഷ്യം

സഹകരണമേഖലയിൽ പുതിയ ക്ലാസിഫിക്കേഷൻ

സ്വന്തം ലേഖകൻUpdated: Monday Nov 25, 2024

തിരുവനന്തപുരം> സഹകരണ മേഖലയിലുള്ള ബാങ്കുകൾക്കും സംഘങ്ങൾക്കുമുള്ള പുതിയ ക്ലാസിഫിക്കേഷൻ ഡിസംബറോടെ നിലവിൽവരും. നിലവിൽ ക്ലാസ്സുകളായി തരംതിരിച്ചുണ്ടെങ്കിലും പ്രവർത്തനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ പുതുക്കിനിശ്‌ചയിക്കുകയാണ്‌. ക്രമക്കേടുകൾ തടഞ്ഞ്‌ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ്‌ സർക്കാർ ലക്ഷ്യം. ജീവനക്കാരുടെ സംഘടനകളുമായ നേരത്തെ ചർച്ച നടത്തിയിരുന്നു. ഡിസംബർ നാലിനുശേഷം പ്രാഥമിക സംഘങ്ങളുടെ അസോസിയേഷനുമായി ചർച്ച നടത്തും.

നിലവിലുള്ള ക്ലാസ്സിഫിക്കേഷൻ രീതി പരിഷ്‌കരിക്കുമെന്ന്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും അതിലൂടെ കൂടുതൽ സ്വീകാര്യതയിലേക്ക്‌ എത്തിക്കുകയുമാണ്‌ ലക്ഷ്യം. സഹകരണ സംഘങ്ങൾ ജനങ്ങൾ നേരിട്ട്‌ ആശ്രയിക്കുന്ന സ്ഥാപനങ്ങളാണ്‌ എന്നതിനാൽ മികവ്‌ വർധിപ്പിക്കണം. പ്രവർത്തന മൂലധനം, നിക്ഷേപം, വായ്‌പ തുടങ്ങിയ ഒമ്പത്‌ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ക്ലാസ്സ്‌ തിരിക്കൽ. പ്രതിവർഷ ഓഡിറ്റ്‌ നിർബന്ധമാക്കും. അത്‌ സംഘങ്ങളുടെ ഉത്തരവാദിത്വമാണ്‌. ഓഡിറ്റിൽ ചൂണ്ടിക്കാണിക്കുന്ന പിഴവുകൾ തിരുത്തി, അടുത്ത ജനറൽ ബോഡിയിൽ അവതരിപ്പിക്കണം. മൂന്നുവർഷത്തെ കണക്കിൽ കിട്ടാക്കടം 15 ശതമാനത്തിൽ അധികരിക്കരുത്‌. അംഗങ്ങൾക്ക്‌ ലാഭവിഹിതം നൽകണം. ഈ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ തരംതാഴ്‌ത്തും. ക്ലാസിഫിക്കേഷൻ നിർണയിക്കാൻ മൂന്നാം വർഷം നടക്കുന്ന അന്തിമ പരിശോധനയിൽ ബാങ്ക് ലാഭത്തിലായിരിക്കുകയും ഡിവിഡന്റ്‌ നൽകിയിരിക്കുകയും വേണം.

 നേരത്തെ ക്ലാസ്സിഫിക്കേഷൻ ഇല്ലാതിരുന്ന വനിതാസംഘങ്ങൾ, ലേബർ കോൺട്രാക്‌ട്‌ സംഘങ്ങൾ എന്നിവയും ക്ലാസ്സുകളായി തിരിക്കും. ആശുപത്രികളുടെ മാനദണ്ഡവും പുതുക്കും. പ്രാഥമിക സംഘങ്ങളെ ഒമ്പത്‌ ക്ലാസ്സുകളായി തിരിക്കും. സൂപ്പർ ഡ്രേഡ്‌, സ്‌പെഷൽ ഗ്രേഡ്‌, ക്ലാസ്സ്‌ ഒന്നുമുതൽ ഏഴുവരെ എന്നിങ്ങനെ. സൂപ്പർ ഗ്രേഡിൽ നിലവിൽ 80 കോടിക്ക്‌ മുകളിൽ പ്രവർത്തനമൂലധനമാണ്‌ വേണ്ടിയിരുന്നത്‌. അത്‌ 160 കോടിക്ക്‌ മുകളിലാക്കി. 125 കോടി നിക്ഷേപവും 100 കോടിക്ക്‌ മുകളിൽ വായ്‌പയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top