20 December Friday

തീരത്ത്‌ നിർമാണ ഇളവ്‌

സുജിത്‌ ബേബിUpdated: Tuesday Sep 24, 2024

തിരുവനന്തപുരം > കേരളം സമർപ്പിച്ച കരട്‌ തീരദേശ പരിപാലന പദ്ധതിക്ക്‌ കേന്ദ്രാനുമതിയായി. ഇതോടെ ഭൂരിഭാഗം തീരമേഖലയിലും വീട്‌  നിർമാണത്തിനടക്കം നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇളവുകൾ വരും.

ഡൽഹിയിൽ ദേശീയ തീരദേശ പരിപാലന അതോറിറ്റി (നാഷണൽ കോസ്റ്റൽ സോൺ മാനേജ്‌മെന്റ്‌ അതോറിറ്റി) യോഗമാണ്‌ കരട്‌ പദ്ധതിക്ക്‌ അംഗീകാരം നൽകിയത്‌. കേരളത്തിന്റെ  പദ്ധതിപ്രകാരം 66 പഞ്ചായത്തുകൾ സിആർസെഡ്‌ മൂന്നിൽനിന്ന്‌ താരതമ്യേന നിയന്ത്രണം കുറവുള്ള സിആർസെഡ്‌ രണ്ട്‌ വിഭാഗത്തിലേക്ക്‌ മാറി.

കരടിന്‌ അംഗീകാരമായതോടെ വിപുലമായ ഇളവുകളാണ്‌  തീരമേഖലയ്‌ക്ക്‌  ലഭിക്കുക. സിആർസെഡ്‌ ഒന്ന്‌ ബി വിഭാഗത്തിലെ പൊക്കാളിപ്പാടങ്ങൾ സിആർസെഡ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു. ഭൂരിഭാഗം പൊക്കാളിപ്പാടങ്ങളും ഇതോടെ തീരദേശ മാനേജ്‌മെന്റ്‌ പ്ലാനിൽനിന്ന്‌ ഒഴിവായി.

സ്വകാര്യ ഭൂമിയിൽ നിലനിൽക്കുന്ന കണ്ടൽക്കാടുകളിൽ ബഫർസോൺ പൂർണമായി ഇല്ലാതാകും. 2019ലെ സിആർസെഡ്‌ വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുളള, സർക്കാർ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്കുചുറ്റും മാത്രമാണ് 50 മീറ്റർ ബഫർ വേർതിരിക്കുന്നത്. 37 പഞ്ചായത്തുകളെ സിആർസെഡ്‌ മൂന്ന്‌ എ വിഭാഗത്തിലേക്ക്‌ മാറ്റി. ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന്‌ 50 മീറ്റർവരെയായി കുറയും. ചെറിയ ജലാശയങ്ങൾ 50 മീറ്റർവരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയായി കണക്കാക്കും.

ആഗസ്തിലാണ്‌ കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതിയുടെ കരട്‌ കേന്ദ്ര അംഗീകാരത്തിനായി നൽകിയത്‌. 2019ലെ കേന്ദ്ര തീര നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതും കേരള തീര പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കരടാണ്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ കൈമാറിയത്‌.

സിആർസെഡ്‌ മൂന്നിൽനിന്ന്‌ രണ്ടിലേക്ക്‌ 66 പഞ്ചായത്തുകളെ മാറ്റുന്നത്‌ തീരമേഖലയിലുള്ളവർക്ക്‌ ഗുണകരമാകും. 2011ലെ ജനസംഖ്യാ സാന്ദ്രതപ്രകാരം ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മാനദണ്ഡങ്ങൾ പാലിച്ച്‌ സിആർസെഡ്‌ മൂന്ന്‌ എ വിഭാഗത്തിലും അതിൽ കുറവുള്ളവയെ സിആർസെഡ്‌ മൂന്ന്‌ ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു. മൂന്ന്‌ എ പ്രകാരം വികസനരഹിത മേഖല വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്ററാക്കി കുറച്ചിട്ടുണ്ട്‌. നേരത്തേ ഇത്‌ 200 മീറ്റർ വരെയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top