22 December Sunday

സംസ്ഥാനത്തിന്റെ തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

തിരുവനന്തപുരം > സംസ്ഥാനത്തെ കടൽ, കായൽ തീരങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് അനുമതി നൽകിയത്. സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ പത്തുലക്ഷത്തോളം ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരമേഖലയ്ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.

നിർമാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളിൽ ഇളവ് നേടിയെടുക്കാൻ ഇതിലൂടെ കഴിഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകൾക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീരദേശപരിപാലന നിയമത്തിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം 2019-ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഈ ഇളവുകൾ പൂർണ്ണമായും സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിനെക്കുറിച്ച് വിശദമായി പഠിക്കാൻ ഒരു മൂന്നംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരുമായി നിരന്തരമായി വിശദമായ ചർച്ചകൾ നടത്തിയാണ് കരട് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയത്.

കരട് പ്ലാനിന്റെ ആനുകൂല്യം പൂർണ്ണമായി ലഭിക്കുവാൻ 10 തീരദേശ ജില്ലകളിൽ പൊതുജനാഭിപ്രായം കൂടി തേടിയിരുന്നു. ഇതിൽ ലഭിച്ച 33,000ത്തോളം പരാതികളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് കരട് പ്ലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെൻ്റിന് (NCSCM) കൈമാറിയിരുന്നു. പ്രസ്തു‌ത സ്ഥാപനം നിർദ്ദേശിച്ച ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയ കരട് തീരദേശ പരിപാലന പ്ലാൻ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. പഞ്ചായത്തുകളുടെ സോൺ മാറ്റം ഉൾപ്പെടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മിക്കതും അംഗീകരിപ്പിക്കാൻ കഴിഞ്ഞുവെന്നത് പ്രധാന നേട്ടമാണ്.

തീരദേശപരിപാലനനിയമപ്രകാരം ഏറ്റവും കുറവ് നിയന്ത്രണങ്ങളുള്ള മേഖലയാണ് CRZ II. കേന്ദ്രം മുൻസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും പരിധിയിൽ വരുന്ന സ്ഥലങ്ങളെയാണ് CRZ IIൽ ഉൾപ്പെടുത്തുന്നത്. എന്നാൽ രാജ്യത്തിന്റെ മറ്റു തീരദേശ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനസാന്ദ്രതയുടെ കാര്യത്തിലും അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിലും സംസ്ഥാനത്തെ തീരദേശ മേഖലയോട് ചേർന്ന് കിടക്കുന്ന ഏറെക്കുറെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസ്വഭാവമുള്ളവയാണ്. പഞ്ചായത്തുകളെ CRZ IIൽ ഉൾപ്പെടുത്താത്ത സാഹചര്യമുണ്ടായാൽ അത് സംസ്ഥാനത്തിന് വളരെയധികം ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 175 പഞ്ചായത്തുകളെ ലീ​ഗലി ഡെസി​ഗ്നേറ്റഡ് അർബൻ ഏരിയ (Legally Designated Urban Area) കളായി വിജ്ഞാപനം ചെയ്യുകയും CRZ II ഗണത്തിൽപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംസ്ഥാന സർക്കാരിന്റെ നിലപാടിനുള്ള അംഗീകാരമായി 2011 സെൻസസിന്റെ അടിസ്ഥാനത്തിൽ നഗരസ്വഭാവമുണ്ടെന്ന് കണ്ടെത്തിയ 66 തീരദേശ പഞ്ചായത്തുകളെ 2019ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം കടുത്ത നിയന്ത്രണമുണ്ടായിരുന്ന സോൺ-IIIൽ നിന്നും സോൺ-IIലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ജന സാന്ദ്രതയുള്ള പഞ്ചായത്തുകളെ, പുതുതായി 2019-ലെ തീരദേശ പരിപാലന പ്ലാനിൽ ഉൾപ്പെടുത്തിയ CRZ III A എന്ന വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ CRZ III B വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

CRZ III A യിലെ വികസന നിഷിദ്ധ മേഖല നിലവിലുള്ള 200 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറച്ചു. കേരളത്തിലെ 31 പഞ്ചായത്തുകളെ CRZ III A കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 20 പഞ്ചായത്തുകൾ CRZ II കാറ്റഗറിയിലേക്ക് മാറിയിട്ടുണ്ട്. ആയതിനാൽ നിലവിൽ 11 പഞ്ചായത്തുകളാണ് CRZ III A കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്റർ വരെയായി കുറയ്ക്കുകയും പ്രസ്‌തുത 50 മീറ്റർ വരേയോ ജലാശയത്തിൻ്റെ വീതിയോ ഏതാണോ കുറവ് അതുമാത്രം വികസന നിഷിദ്ധ മേഖലയായി മാറ്റുകയും ചെയ്തിട്ടുണ്ട്. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.

കേന്ദ്രസർക്കാറിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പൂർണ്ണമായും പ്രാബല്യത്തിൽ വരുന്നതോടെ 300 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് നിർമ്മാണാനുമതി നേടാനാകും. CRZ II മേഖലയിൽ 1991ന് മുമ്പ് നിലവിലുണ്ടായിരുന്ന ഫ്ലോർ സ്പേസ് ഇൻഡക്സ് (Floor Space Index- FSI) ആയിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമായിരുന്നത്. ഈ കടുത്ത നിയന്ത്രണത്തിൽ നിന്നും പുതിയ പ്ലാൻ നിലവിൽ വരുന്നതോടെ ഇപ്പോൾ നില നിൽക്കുന്ന എഫ്എസ്ഐ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

പൊക്കാളി, കൈപ്പാട് കൃഷിപ്പാടങ്ങളിൽ 1991ന് മുമ്പുള്ള ബണ്ട് വേലിയേറ്റ രേഖയായി കണക്കാക്കി തീരദേശ നിയമ നിയന്ത്രണങ്ങൾ വേലിയേറ്റ രേഖ വരെയാക്കി ചുരുക്കിയിട്ടുണ്ട്. ഈ നടപടി ആയിരക്കണക്കിന് കൃഷിക്കാർക്ക് നേട്ടമാകും. സ്വകാര്യ ഭൂമിയിലെ കണ്ടൽക്കാടുകൾക്ക് ബഫർ സോൺ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top