കൽപ്പറ്റ> കാപ്പിപ്പൊടി വില സർവകാല റെക്കോഡിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 150 രൂപയുടെ വർധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്. ചിക്കറി ചേർക്കാത്ത കാപ്പിപ്പൊടിക്ക് വയനാട്ടിൽ കിലോയ്‌ക്ക് 640 രൂപയാണ്. ചിക്കറി ചേർത്തതിന് 600. കാപ്പിപ്പരിപ്പിന്റെ ലഭ്യതക്കുറവാണ് വില ഉയരാൻ പ്രധാന കാരണം. കാലാവസ്ഥ വ്യത്യയാനവും കാപ്പിവിളവിനെ സാരമായി ബാധിച്ചു.
കാപ്പിപ്പരിപ്പിന് ക്വിന്റലിന് 37,500രൂപയും 54 കിലോ ഉണ്ടക്കാപ്പിക്ക് 11,700 രൂപയുമാണ് വില. പൊടിച്ചുതരുന്ന കാപ്പിപ്പൊടിക്ക് കിലോയ്‌ക്ക് 640 രൂപയാണ്. കാപ്പിക്ക് വില ഉയരാൻ തുടങ്ങിയതോടെ ഉണക്കിയ കാപ്പി സൂക്ഷിച്ചുവയ്‌ക്കുന്ന പ്രവണതകൂടി.
കർഷകരിൽനിന്ന് കാപ്പി മൊത്തത്തിൽവാങ്ങി സൂക്ഷിക്കാൻ ഇടത്തട്ടുകാരും രംഗത്തുണ്ട്. ഇതോടെ മികച്ചയിനം കാപ്പിക്കുരുവും പരിപ്പും വിപണിയിലില്ലാതായി.
വയനാട്ടിൽനിന്നാണ് മിക്ക കാപ്പിപ്പൊടി നിർമാണ കമ്പനികളും കാപ്പിക്കുരു ശേഖരിക്കുന്നത്. കാപ്പിപ്പരിപ്പ് ക്ഷാമം തുടർന്നാൽ വില ഇനിയും ഉയർത്തേണ്ടിവരുമെന്നാണ് കമ്പനികൾ പറയുന്നത്. എന്നാൽ വില കൂടുന്നതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നുമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..