22 December Sunday

ഇവിടെ നാണയങ്ങൾ ചരിത്രം പറയുന്നു

സ്വാതി സുരേഷ്‌Updated: Sunday Jul 21, 2024

തിരുവനന്തരപുരം > ഒരു കിലോയുള്ള വെള്ളി നാണയം കണ്ടിട്ടുണ്ടോ? നോട്ടപിശകുള്ള നോട്ടുകൾ കണ്ടിട്ടുണ്ടോ? ചന്ദ്രശേഖർ നായർ സറ്റേഡിയത്തിൽ ഫിലാറ്റലിക്‌ ആൻഡ്‌ ന്യൂമിസ്‌മാറ്റിക്‌ അസോസിയേഷൻ സംഘടിപ്പിച്ച "ട്രാവൻകൂർ എക്‌സ്‌പോ 2024' ആണ്‌  അത്ഭുത കാഴ്‌ചയൊരുക്കിയത്‌. രണ്ടായിരത്തിലേറെ പഴക്കമുള്ള ചരിത്രമാണ്‌ ഈ നാണയങ്ങൾ പറയുന്നത്‌. ബി സി ആറാം നൂറ്റാണ്ടുമുതൽ  ഇന്ത്യയിലും  ലോകരാജ്യങ്ങളിലുമുള്ള നാണയങ്ങൾ, ഗുപ്ത, മഗധ, ചേര, ചോള, പാണ്ഡ്യ തുടങ്ങിയ സാമ്രാജ്യങ്ങളുടെയും വിജയനഗരം, സുൽത്താന്മാർ, മുഗളർ, നാട്ടുരാജ്യങ്ങൾ, കൊളോണിയൽ ശക്തികൾ എന്നിവരുടെ നാണയങ്ങളും നോട്ടുകളും പ്രദർശനത്തിലുണ്ട്‌. ചെമ്പ്‌, വെള്ളി, സ്വർണം, ടിൻ, ലെഡ്‌ തുടങ്ങിയ ലോഹങ്ങളിലാണ്‌ ഇവയുടെ നിർമാണം.

200രൂപ മുതൽ ലക്ഷങ്ങൾ വിലയുള്ള ആയിരക്കണക്കിന്‌ നാണയങ്ങളും ആരംഭം മുതലുള്ള പതിനായിരക്കണക്കിന്‌ സ്റ്റാമ്പുകളും ഇവിടെയുണ്ട്‌. ചരിത്രത്തെ തിരയാനും സൂക്ഷിക്കാനും ഇഷ്‌ടപ്പെടുന്നവർക്ക്‌  വാങ്ങുവാനും അവസരം. "ഇന്ത്യൻ പാരമ്പര്യത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തുന്നതാണ്‌ ഓരോ നാണയങ്ങളും. ഓരോ നാണയത്തിനും ഓരോ കഥകളുണ്ട്‌. പുതുതലമുറയെ ചരിത്രത്തിലേക്ക്‌ നടത്തുകയാണ്‌ ലക്ഷ്യമെന്നും ചരിത്രകാരൻ എം ജി ശശിഭൂഷൺ പറഞ്ഞു.

വേണാട്‌ നാണയങ്ങൾ, അക്‌ബറിന്റെ കാലത്തെ നാണയങ്ങളൊക്കെ അന്വേഷിക്കുന്നവരാണ്‌ കൂടുതൽ. കുട്ടികൾക്ക്‌ ലോകത്തിന്റെ പല ഭാഗത്തുള്ള നാണയങ്ങളോടാണ്‌ താൽപ്പര്യമെന്നും തിരുവിതാംകൂറിലെ  നാണയങ്ങൾ കിട്ടാൻ പ്രയാസമാണെന്നും സംഘാടകർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ എത്തിയവരുടെ  ശേഖരണമാണ്‌  പ്രദർശിപ്പിച്ചത്‌. വെള്ളിയാഴ്‌ച ആരംഭിച്ച പ്രദർശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ്‌ ഉദ്‌ഘാടനം ചെയ്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top