22 December Sunday

പൂട്ടികിടക്കുന്ന സ്വകാര്യ കയർ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്‌ 2000 രൂപ; കയർ കോർപറേഷന്‌ 10 കോടി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

തിരുവനന്തപുരം > പൂട്ടികിടക്കുന്ന സ്വകാര്യ കയർ വ്യവസായ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക്‌ 2000 രൂപവീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. 10,732 തൊഴിലാളികൾക്ക്‌ സഹായം ലഭിക്കും. 100 ക്വിന്റലിന്‌ താഴെ കയർ പിരിച്ചിരുന്ന പുട്ടിപ്പോയ സംഘങ്ങളിലെ തൊഴിലാളികൾക്കാണ്‌ ഓണക്കാല സഹായത്തിന്‌ അർഹത. ഇതിനായി 2.15 കോടി രൂപ അനുവദിച്ചു.

കയർ സ്ഥാപനങ്ങൾക്ക്‌ വിപണി വികസന ഗ്രാന്റ്‌ 10 കോടി

സർക്കാർ, സഹകരണ കയർ ഉൽപന്ന സ്ഥാപനങ്ങൾക്ക്‌ വിപണി വികസന ഗ്രാന്റിനത്തിൽ 10 കോടി രൂപയും അനുവദിച്ചു. കയർ മാറ്റ്‌സ്‌ ആൻഡ്‌ മാറ്റിങ്‌സ്‌ സംഘങ്ങൾ, ഫോം മാറ്റിങ്‌സ്‌ ഇന്ത്യ ലിമിറ്റഡ്‌, സംസ്ഥാന കയർ കോർപറേഷൻ,  കയർഫെഡ്‌ എന്നിവയ്‌ക്കാണ്‌ തുക അനുവദിച്ചത്‌. ഇവയുടെ തൊഴിലാളികൾക്ക്‌ ഓണക്കാല ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ഗ്രാന്റ്‌ സഹായിക്കും. വിപണി വികസനത്തിന്‌ കേന്ദ സർക്കാർ സഹായം ആറുവർഷമായി മുടങ്ങിയ സാഹചര്യത്തിലാണ്‌ സംസ്ഥാനം ഓണക്കാല സഹായം ഉറപ്പാക്കുന്നത്‌.

കയർ തൊഴിലാളികൾക്ക് ബോണസ്‌: കയർ കോർപറേഷന്‌ 10 കോടി

പരമ്പരാഗത കയർ ഉൽപന്നങ്ങൾ ശേഖരിച്ചതിന്റെ വില വിതരണം ചെയ്യാനായി സംസ്ഥാന കയർ കോർപറേഷന്‌ സർക്കാർ 10 കോടി രൂപ അനുവദിച്ചു. ചെറുകിട കയർ സംഘങ്ങളിൽനിന്ന്‌ ശേഖരിച്ച പരമ്പരാഗത ഉൽപന്നങ്ങളുടെ വില നൽകാൻ തുക വിനിയോഗിക്കും. ചെറുകിട സംഘങ്ങളുടെ ബോണസ്‌ വിതരണത്തിന്‌ ഇത്‌ സഹായമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top