03 December Tuesday

കംബോഡിയ മനുഷ്യക്കടത്ത് ; അരങ്ങേറുന്നത്‌ കോടികളുടെ സൈബര്‍ തട്ടിപ്പെന്ന് ഇരകൾ

സ്വന്തം ലേഖികUpdated: Saturday Nov 2, 2024


കോഴിക്കോട്
കംബോഡിയയിൽ നടക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരെ കബളിപ്പിച്ച് ഒറ്റദിനം മൂന്നരക്കോടി വരെയുണ്ടാക്കുന്ന സൈബർ തട്ടിപ്പെന്ന് മനുഷ്യക്കടത്തിന് ഇരകളായവർ. എങ്ങനെ തട്ടിപ്പ്‌ നടത്തണമെന്ന പരിശീലനവും പ്രത്യേകമായി നൽകി. തട്ടിപ്പിന് വിസമ്മതിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായും യുവാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

""ബാങ്കോക്കിലെ ഐടി കമ്പനിയിലെ ജോലിക്കെന്ന് പറഞ്ഞ് എത്തിച്ചത് കംബോഡിയയിലെ പോയ്-പെട്ട് എന്ന സ്ഥലത്താണ്. സൈബർ തട്ടിപ്പ് നടത്തുന്ന, കെഎൽ കിച്ചൺ എന്ന്  അറിയപ്പെടുന്ന കമ്പനിക്ക് ഏജന്റുമാർ തങ്ങളെ വിൽക്കുകയായിരുന്നു. ഇന്ത്യയിലെ 60നും 80നും ഇടയിൽ പ്രായമുള്ള എസ്ബിഐ ഉപഭോക്താക്കളെ വിളിച്ച് പണം തട്ടാനാണ് ആവശ്യപ്പെട്ടത്. പറ്റില്ലെന്നും തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ ഏഴ്‌ പേരെയും മുറിയിൽ പൂട്ടിയിട്ട്  മർദിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൊബൈൽ ഫോണും പാസ്-പോർട്ടുമെല്ലാം വാങ്ങിവച്ചു. ഒരാൾക്ക് രണ്ടര ലക്ഷം രൂപ വച്ചാണ് ഏജന്റുമാർ വിറ്റത്. പണം തിരിച്ചുകിട്ടാതെ പുറത്തുവിടില്ലെന്നും  പറഞ്ഞു. ജീവൻ നിലനിർത്താനായി എന്ത് ജോലിയും ചെയ്യാമെന്ന് പറഞ്ഞപ്പോൾ മറ്റൊരു കമ്പനിക്ക് വിറ്റു. പുതിയ കമ്പനിയിലേക്ക് ടാക്-സിയിൽ കടത്തുംവഴിയാണ് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തിയത്''–- ഇരകളിലൊരാളായ എസ് കെ അരുൺ പറഞ്ഞു.

തട്ടിപ്പ് നടത്തുന്ന നിരവധി ചൈനീസ് കമ്പനികൾ പ്രദേശത്തുണ്ടെന്നും പെൺകുട്ടികളടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും അവർ പറഞ്ഞു. വടകര സ്വദേശികളായ സെബിൻ ദേവ്, അശ്വന്ത് ബാബു, എസ് കെ അരുൺ, സി അഭിനന്ദ്, അഭിനവ് സുരേഷ്, അങ്കമാലി സ്വദേശി റോഷൻ ആന്റണി, പൊന്നാനി സ്വദേശി അജ്മൽ എന്നിവരാണ് മനുഷ്യക്കടത്തിന് ഇരയായി രക്ഷപ്പെട്ടത്‌. ഒരു മാസത്തോളം കംബോഡിയയിൽ തങ്ങിയ ശേഷമാണ് ഞായറാഴ്ച കേരളത്തിലെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന പേരാമ്പ്ര സ്വദേശി അബിൻ കംബോഡിയയിൽ തുടരുകയാണ്. വടകര സ്വദേശികളായ അനുരാ​ഗ്, അധിരത്, മുഹമ്മദ് റസിൽ, പാലക്കാട് സ്വദേശി നസറുദ്ദീൻ ഷാ എന്നീ ഏജന്റുമാരാണ് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടി  വിദേശ കമ്പനിക്ക് വിറ്റത്. അനുരാ​ഗ് ഇരകളുടെ സുഹൃത്തും നസറുദ്ദീൻ ഷാ അജ്മലിന്റെ ബന്ധുവുമാണ്. പ്രതികൾക്കെതിരെ വടകരയിലും നെടുമ്പാശേരിയിലും കേസെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top