അങ്കമാലി
അങ്കമാലി–കുണ്ടന്നൂർ ബൈപാസിന് സ്ഥലവും വീടും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ എം അങ്കമാലി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അങ്കമാലി നഗരസഭ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്. ജനസാന്ദ്രത കൂടിയ ഈ മേഖലയിൽ നിരവധിപേർക്ക് സ്ഥലവും കിടപ്പാടവും നഷ്ടപ്പെടും.
മലയാറ്റൂർ–-നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകളിലെ വന്യമൃഗശല്യം പരിഹരിക്കുക, മെട്രോ റെയിലിന്റെ അങ്കമാലിവരെയുള്ള പാതനിർമാണം ആരംഭിക്കുക, ബാംബൂ കോർപറേഷന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ഈറ്റ–--പനമ്പ് തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക, അങ്കമാലി ബൈപാസ് നടപ്പാക്കുക, കാലടിയിലെ പാലം നിർമാണം പൂർത്തിയാക്കുക, മാഞ്ഞാലിത്തോട് പുനരുജ്ജീവിപ്പിക്കുക, കാലടിയിലെ ബൈപാസ് നിർമാണത്തിന് പദ്ധതി അനുവദിക്കുക, കാഞ്ഞൂർ തുറവുംകര -എയർപോർട്ട് റോഡ് വിപുലപ്പെടുത്തി നവീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പൊതുചർച്ചയിൽ 24 പേർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, ഏരിയ സെക്രട്ടറി കെ കെ ഷിബു എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, സി എം ദിനേശ്‌മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ബി ദേവദർശനൻ, എം പി പത്രോസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എ ചാക്കോച്ചൻ, അഡ്വ. കെ തുളസി എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം പി വി മോഹനൻ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി ബിനോയ് നന്ദി പറഞ്ഞു.
തിങ്കൾ വൈകിട്ട് അഞ്ചിന് ചെങ്ങലിൽനിന്ന് പ്രകടനവും ചുവപ്പുസേനാ മാർച്ചും ആരംഭിക്കും. എം സി ജോസഫൈൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം (പുതിയേടം) കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും.
കെ പി റെജീഷ് അങ്കമാലി ഏരിയ സെക്രട്ടറി
അങ്കമാലി
സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറിയായി കെ പി റെജീഷിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മറ്റിയെയും 23 ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.ടി ഐ ശശി, ജീമോൻ കുര്യൻ, പി ജെ വർഗീസ്, സി എൻ മോഹനൻ, ജിഷ ശ്യാം, പി വി ടോമി, പി വി മോഹനൻ, കെ വൈ വർഗീസ്, ബിബിൻ വർഗീസ്, പി യു ജോമോൻ, പി എൻ അനിൽകുമാർ, എം ടി വർഗീസ്, കെ പി ബിനോയ്, സച്ചിൻ കുര്യാക്കോസ്, ഗ്രേസി ദേവസി, സജി വർഗീസ്, പി അശോകൻ, കെ എസ് മൈക്കിൾ, പി സി പൗലോസ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.
കേസരി ബാലകൃഷ്‌ണപിള്ള കോളേജിൽ
ക്ലാസുകൾ ആരംഭിക്കണം
പറവൂർ
സർക്കാർ ഏറ്റെടുത്ത കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ ഗവ. കോളേജിൽ ക്ലാസ് തുടങ്ങാൻ നടപടിയെടുക്കണമെന്ന് സിപിഐ എം പറവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പ് സ്പെഷ്യൽ ഓഫീസറെ നിയമിച്ചെങ്കിലും കോഴ്സുകൾ അനുവദിച്ചിട്ടില്ല. കോളേജിന്റെ പ്രവർത്തനത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം സുഗമമാക്കണം.
പുത്തൻവേലിക്കര കണക്കൻ കടവ് പാലത്തിലുള്ള സ്ലൂയീസ് കം ബ്രിഡ്ജിലെ ഷട്ടറുകൾ പുനർനിർമിക്കുക, മുസിരിസ് പൈതൃക പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, വാവക്കാട് -കൊട്ടുവള്ളിക്കാട്, കുഞ്ഞിത്തൈ ചെട്ടിക്കാട് പാലം നിർമാണത്തിന് തുക അനുവദിക്കുക, കയർ വ്യവസായത്തെ സംരക്ഷിക്കുക, പൊക്കാളി കൃഷി പ്രതിസന്ധി പരിഹരിക്കുക, ജല മെട്രോ പറവൂരിലേക്ക് നീട്ടുക, ഗവ.താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുക, പുത്തൻവേലിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി പഞ്ചായത്തുക്കളെ സിആർസെഡ് പരിധിയിൽനിന്ന് ഒഴിവാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പൊതുചർച്ചയിൽ 21 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി ആർ ബോസ് എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, എസ് സതീഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ എൻ ഉണ്ണിക്കൃഷ്ണൻ, എം അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ബി സ്യമന്തഭദ്രൻ, പി എസ് ഷൈല എന്നിവർ സംസാരിച്ചു. കെ എസ് സനീഷ് ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ടി ആർ ബോസ് നന്ദി പറഞ്ഞു.
തിങ്കൾ വൈകിട്ട് അഞ്ചിന് ചേന്ദമംഗലം കവലയ്‌ക്കുസമീപമുള്ള സണ്ണി കൺവൻഷൻ സെന്റർ പാർക്കിങ് ഗ്രൗണ്ടിൽനിന്ന് ചുവപ്പുസേനാ പരേഡും റാലിയും ആരംഭിക്കും. സീതാറാം യെച്ചൂരി നഗറിൽ (സെൻട്രൽ ഓഡിറ്റോറിയം ഗ്രൗണ്ട്) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.
ടി വി നിഥിൻ പറവൂർ ഏരിയ സെക്രട്ടറി
പറവൂർ
സിപിഐ എം പറവൂർ ഏരിയ സെക്രട്ടറിയായി ടി വി നിഥിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും 24 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.ടി ആർ ബോസ്, കെ എ വിദ്യാനന്ദൻ, പി പി അജിത്‌കുമാർ, ടി ജി അശോകൻ, കെ എം അംബ്രോസ്, കെ എസ് സനീഷ്, എ ബി മനോജ്, ടി എസ് രാജൻ, എം കെ വിക്രമൻ, പി കെ സോമൻ, യേശുദാസ് പറപ്പിള്ളി, എൽ ആദർശ്, വി എസ് ഷഡാനന്ദൻ, എം എം കരുണാകരൻ, പി ഒ സുരേന്ദ്രൻ, എം ആർ റീന, എൻ എസ് അനിൽകുമാർ, എ എസ് അനിൽകുമാർ, എം രാഹുൽ, കെ ജെ ഷൈൻ എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.
കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന് നാളെ തുടക്കം
കൂത്താട്ടുകുളം
സിപിഐ എം കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്ച കൂത്താട്ടുകുളത്ത് പതാക ഉയരും. രാവിലെ ഒമ്പതിന് നെച്ചൂർ എ എസ് ദാമോദരൻ സ്മൃതിമണ്ഡപത്തിൽനിന്ന് ഏരിയ കമ്മിറ്റി അംഗം എ ഡി ഗോപി ക്യാപ്റ്റനായ പതാകജാഥ ആരംഭിക്കും. ഏരിയ കമ്മിറ്റി അംഗം പി എസ് മോഹനൻ ഉദ്ഘാടനം ചെയ്യും.
ആമ്പല്ലൂർ സി കെ മണി സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന കൊടിമരജാഥ ഏരിയ കമ്മിറ്റി അംഗം ഒ എൻ വിജയൻ ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റി അംഗം ടി കെ മോഹനനാണ് ജാഥാ ക്യാപ്റ്റൻ. വൈകിട്ട് ഇരു ജാഥകളും പൊതുസമ്മേളന നഗരിയായ കൂത്താട്ടുകുളം എം എം ലോറൻസ് നഗറിൽ (സ്വകാര്യ ബസ് സ്റ്റാൻഡ്) സംഗമിക്കും. സംഘാടകസമിതി ചെയർമാൻ സണ്ണി കുര്യാക്കോസ് പതാക ഉയർത്തും.
ബുധൻ രാവിലെ ഒമ്പതിന് എ എം ചാക്കോ നഗറിൽ (ബ്രിയോ കൺവൻഷൻ സെന്റർ) പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യും. വെള്ളി വൈകിട്ട് അഞ്ചിന് ടിബി ജങ്ഷനിൽനിന്ന് ചുവപ്പുസേനാ പരേഡും ബഹുജനറാലിയും ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..