തിരുവനന്തപുരം> തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസിലെ എൽഎച്ച്‌ബി കോച്ചുകൾ ദീർഘദൂരയാത്രയ്ക്ക് അനുയോജ്യമല്ലെന്ന് യാത്രക്കാർ. ഇരിപ്പിടങ്ങളുടെ സ്ഥാനം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം. മെമു ട്രെയിനിലെ പോലെ മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന തരത്തിലാണ് സീറ്റുകൾ. ഭാരക്കൂടുതൽ ഉള്ള ആൾ ഇരുന്നാൽ മറ്റുള്ളവർക്ക് ഇരിക്കാൻ പ്രയാസം നേരിടുന്നു.
പഴയ ജനശതാബ്ദിയിലെ യാത്രയ്ക്ക് സുഖകരമായ കസേര പോലുള്ള സീറ്റുകളായിരുന്നു. ഇത് ദീർഘദൂര യാത്രക്കാരന് സുഗമമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. കൈവയ്ക്കാനും കാലുകൾ വയ്ക്കാനും സൗകര്യങ്ങളുണ്ടായിരുന്നു. ഇരുവശത്തേക്കും സുഗമമായി യാത്രയ്ക്കുള്ള കോച്ചുകളും ആയിരുന്നു. കഴിഞ്ഞ 16 മുതലാണ് പുതിയ കോച്ചുകൾ ഘടിപ്പിച്ചത്. ചെന്നൈ ഐസിഎഫാണ് കോച്ചുകൾ നിർമിച്ചത്.
വലിയ തിരക്കുള്ള ട്രെയിനുകളിൽ ഒന്നാണ് തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിൽ എത്താൻ ഏകദേശം 10 മണിക്കൂറാണ്. സീറ്റുകളുടെ സ്ഥാനത്തിലെ പ്രയാസം യാത്രക്കാരെ വലയ്ക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..