പാലക്കാട്
ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ചർച്ചയാകുന്ന കോൺഗ്രസ്–- ബിജെപി ധാരണ ഇന്ന് തുടങ്ങിയതല്ല, 64 വർഷംമുമ്പ് ഇ എം എസിനെ തോൽപ്പിക്കാൻ ആദ്യമായി രൂപംകൊണ്ടതാണ് ആ സഖ്യം. 1960ൽ പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ കമ്യൂണിസ്‌റ്റ് പാർടി സ്ഥാനാർഥിയായി മത്സരിച്ച ഇ എം എസിനെ തോൽപ്പിക്കുകയായിരുന്നു ലക്ഷ്യം. ബിജെപിയുടെ ആദ്യ രൂപമായ ജനസംഘമായിരുന്നു അന്ന് കോൺഗ്രസ്–-ലീഗ് പാർടികളുമായി കൈകോർത്തത്.
ഐക്യകേരളം രൂപീകൃതമായശേഷം രണ്ടാമത്തെ തെരഞ്ഞെടുപ്പായിരുന്നു 1960 ഫെബ്രുവരി ഒന്നിന് നടന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ ഇ എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്‌റ്റ് മന്ത്രിസഭ അധികാരമേറ്റു. ഭൂപരിഷ്‌കരണ നിയമം പാസാക്കിയ സർക്കാരിനെ 1959ൽ പ്രധാനമന്ത്രി നെഹ്‌റു പിരിച്ചുവിട്ടു. തുടർന്നാണ് രണ്ടാമത്തെ തെരഞ്ഞെടുപ്പ്.
ഭൂപരിഷ്‌കരണം നടപ്പാക്കി ജന്മിത്വം അവസാനിപ്പിച്ച സർക്കാരിന് നേതൃത്വം നൽകിയ ഇ എം എസിനെ ഏതുവിധേനയും തോൽപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു കോൺഗ്രസിന്. ഇ എം എസിനെതിരെ കോൺഗ്രസിലെ എ രാഘവൻനായരായിരുന്നു സ്ഥാനാർഥി. ജനസംഘം സ്ഥാനാർഥിയായി പി മാധവമേനോനും പത്രിക നൽകി. എന്നാൽ ഇ എം എസിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് ജനസംഘത്തിന്റെ സഹായം തേടി. ജനസംഘം നേതാക്കളായ ഒ രാജഗാേപാൽ, കെ ജി മാരാർ എന്നിവർ പട്ടാമ്പിയിൽ പൊതുയോഗം നടത്തി കോൺഗ്രസിന് പരസ്യപിന്തുണ പ്രഖ്യാപിച്ചു. ജനസംഘം സ്ഥാനാർഥിയെ പിൻവലിച്ചതായും അറിയിച്ചു.
കോൺഗ്രസിനുവേണ്ടി ജവഹർലാൽ നെഹ്‌റു, ഗുൽസാരിലാൽ നദ്ദ, ലാൽബഹദൂർ ശാസ്‌ത്രി, സർദാർ വല്ലഭായ്‌പട്ടേൽ, കാമരാജ്, ഇന്ദിരാഗാന്ധി തുടങ്ങിയവർ പട്ടാമ്പിയിൽ എത്തി. അന്ന് എ കെ ജിക്കായിരുന്നു പട്ടാമ്പി മണ്ഡലത്തിലെ പാർടിച്ചുമതല. എസ് എ ഡാങ്കെ, പി സുന്ദരയ്യ, ജ്യോതിബസു തുടങ്ങിയവർ ഇ എം എസിനുവേണ്ടി പ്രചാരണം നയിച്ചു. ഇ എം എസിന് 26,478 വോട്ടും രാഘവൻ നായർക്ക് 19,156 വോട്ടും കിട്ടി. 7322 വോട്ടിന് ഇ എം എസ് ജയിച്ചു. കേരളത്തിലെ ആദ്യ കോ–-ലീ–-ബി സഖ്യം രൂപംകൊണ്ടത് ഇ എം എസിനെ തോൽപ്പിക്കാനായിരുന്നു.
1971ൽ പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച എ കെ ജിയെ തോൽപ്പിക്കാൻ ജനസംഘത്തിലെ ടി സി ഗോവിന്ദനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി. കോൺഗ്രസ് പിന്തുണ നൽകി. തെരഞ്ഞെടുപ്പിൽ എ കെ ജി വിജയിച്ചു. പിന്നീട് വടകരയും ബേപ്പൂരും കോൺഗ്രസിനും ബിജെപിക്കും സംയുക്ത സ്ഥാനാർഥിയായിരുന്നു. പക്ഷേ, എല്ലായിടത്തും മുക്കൂട്ടുമുന്നണി പരാജയപ്പെട്ടു.
2001ല്‍ കോണ്ഗ്രസ് ജയം
പിഡിപി പിന്തുണയോടെ
2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിഡിപി പിന്തുണതേടി കോയമ്പത്തൂർ ജയിലിൽ മഅ്ദനിയെ കാണാൻ കോൺഗ്രസിന്റെയും ലീഗിന്റെയും ഉന്നതനേതാക്കൾ എത്തിയിരുന്നുവെന്ന് പിഡിപി സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചത് പിഡിപിയുടെ പരസ്യ പിന്തുണയോടെയാണ്. അന്ന് പിഡിപിയുടെ പിന്തുണ തേടി ജയിലിലേക്ക് മഅ്ദനിക്ക് അയച്ച കത്ത് അദ്ദേഹം പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയതാണ്. അവരാണ് പിഡിപി ബന്ധം പറഞ്ഞ് എൽഡിഎഫിനെതിരെ പ്രചാരണം നടത്തുന്നത്.
പിഡിപിയുമായി ഒരുകാലത്തും രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ശരിയല്ലെന്നും അവർ ആരോപിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികൾ മത്സരിച്ച നാലുമണ്ഡലങ്ങളിലും പിഡിപി പരസ്യപ്രചാരണം നടത്തിയെന്നും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജിത്കുമാർ ആസാദ്, മജീദ് ചേർപ്പ്, നൗഷാദ് കക്കാട്, ജെൻസൺ ആലപ്പാട്ട്, ഫിറോസ് തോട്ടുപ്പിള്ളി എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..