22 December Sunday

ഹോട്ടലിലെ കള്ളപ്പണം: ഡിസിസി പ്രസിഡന്റ്‌ കാണാമറയത്ത്‌

പ്രത്യേക ലേഖകൻUpdated: Sunday Nov 10, 2024

പാലക്കാട്> കള്ളപ്പണവിഷയം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടും ഡിസിസി പ്രസിഡന്റ്‌ അടക്കമുള്ള നേതൃത്വം തുടരുന്ന മൗനം പാലക്കാട്‌ ചർച്ചയാകുന്നു. ഇതിൽ മാത്രമല്ല തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലടക്കം ഡിസിസി നേതൃത്വമാകെ തണുപ്പൻ നിലപാടിലാണ്‌. സ്ഥാനാർഥി  നിർണയത്തിൽ തുടങ്ങി പ്രചാരണത്തിലടക്കം ഷാഫി പറമ്പിലും വി ഡി സതീശനും മാത്രമാണ്‌ കാര്യങ്ങൾ തീരുമാനിക്കുന്നത്‌.

മറ്റാരും ഒന്നുമറിയുന്നില്ല. ഇതിൽ ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പനടക്കമുള്ള നേതാക്കൾക്കും  മണ്ഡലത്തിലെ പ്രവർത്തകർക്കും കനത്ത പ്രതിഷേധമുണ്ട്‌. എറ്റവും ഒടുവിൽ കെപിഎം റീജൻസിയിൽ നടന്നുവെന്ന്‌ അവകാശപ്പെടുന്ന ‘നേതൃയോഗ’ത്തിലും ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പനോ മറ്റ്‌ പ്രദേശിക നേതാക്കളോ ഉണ്ടായിരുന്നില്ല. ഇവിടെ കള്ളപ്പണം മാറ്റാനായി ബോധപൂർവം സൃഷ്‌ടിച്ചതാണെന്ന്‌ പറയുന്ന സംഘർഷത്തിലും ഡിസിസി നേതാക്കളുണ്ടായിരുന്നില്ല.

എംപിമാരായ ഷാഫി പറമ്പിലും വി കെ ശ്രീകണ്‌ഠനും പൊലീസിനോടും മാധ്യമങ്ങളോടും തട്ടിക്കയറിയതും ആക്രോശിച്ചതും മണിക്കൂറുകളാണ്‌.  എന്നിട്ടും ഡിസിസി പ്രസിഡന്റ്‌ എത്തിയില്ല.  ഹോട്ടലിൽ നേതൃയോഗമായിരുന്നുവെങ്കിൽ ഡിസിസി പ്രസിഡന്റ്‌ ഉണ്ടാകേണ്ടതാണ്‌. അതിനാൽ യോഗമെന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ വാദം കോൺഗ്രസ് പ്രവർത്തകർ പോലും മുഖവിലയ്‌ക്ക്‌ എടുക്കുന്നില്ല. തുടർന്ന്‌ പൊലീസിനെതിരെ അവിടെ നടത്തിയ  ‘സമരം’ ഡിസിസി പ്രസിഡന്റിനെ അറിയിക്കാതിരുന്നതെന്തെന്ന്‌ നേതാക്കൾ തന്നെ ചോദിക്കുന്നുണ്ട്‌. പാലക്കാട്‌ കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐസിസിക്ക്‌ കത്ത്‌ നൽകിയത്‌ ഡിസിസിയുടെ ഔദ്യോഗിക ലെറ്റർപാഡിലായിരുന്നു. അതിൽ ഒപ്പിട്ട എട്ടുപേരിലൊരാളാണ്‌ ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top