കൊല്ലം > കാപ്പാകേസ് പ്രതി ഉൾപ്പെടെ ക്രിമിനലുകളെ ഭാരവാഹികളാക്കിയ കോൺഗ്രസ് വടക്കേവിള ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു. പ്രസിഡന്റ് അടക്കം 75 പേർ അംഗങ്ങളായ കമ്മിറ്റിയാണ് വ്യാഴാഴ്ച പിരിച്ചുവിട്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ ഉണ്ടാകില്ലെന്ന് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് നൽകിയ അറിയിപ്പിൽ പറയുന്നു.
കാപ്പാകേസ് പ്രതി തില്ലേരി ജോസ്, പീഡനക്കേസ് പ്രതി അൻഷാദ്, കൊലപാതകക്കേസ് പ്രതി പെന്റി അഗസ്റ്റിൻ, ഗുണ്ടാ ആക്രമണക്കേസ് പ്രതി തില്ലേരി ജിജി എന്നിവർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായിരുന്നു. ഡിസിസി ഇറക്കിയ പട്ടിക കൂടാതെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലത്തറ രാജീവ് സ്വന്തം നിലയിലും ഭാരവാഹികളെ നിയമിച്ചു. ഭാരവാഹികൾക്ക് ആശംസ നേർന്ന് ക്രിമിനലുകളുടെ ചിത്രം ഉൾപ്പെട്ട ഫ്ലക്സുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു. ഇത് ദേശാഭിമാനി വാർത്തയാക്കിയതോടെ ഫ്ലക്സുകൾ മാറ്റി. തുടർന്ന് കെപിസിസി നേതൃത്വം ഇടപെടുകയായിരുന്നു. പിരിവ് ചോദിച്ച അരലക്ഷം രൂപ നൽകാത്തതിന്റെ പേരിൽ നഗരത്തിലെ വെഡ്ഡിങ് മാളിൽ അതിക്രമം നടത്തിയ സംഭവവും വിവാദമായിരുന്നു. ഇതിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..