22 November Friday

ബത്തേരി കോൺഗ്രസ്‌ ക്യാമ്പ്‌ ; ചർച്ചയുയർന്നത്‌ വരാത്ത വോട്ടിലും കൂടോത്രത്തിലും

പ്രത്യേക ലേഖകൻUpdated: Friday Jul 19, 2024



തിരുവനന്തപുരം
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചെയ്യാതെപോയ വോട്ടിൽ ബഹുഭൂരിപക്ഷവും തങ്ങളുടേതാണെന്നും ഇതാണ്‌ പോക്കെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പച്ചതൊടില്ലെന്നും വയനാട്‌ നേതൃക്യാമ്പിൽ തുറന്നടിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ.  തൃശൂരിൽ യഥാർഥത്തിൽ തോറ്റത്‌ എൽഡിഎഫ്‌ അല്ല കോൺഗ്രസാണ്‌.  2019ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ സംഘടനാപരമായ പിഴവ്‌ ഏറെ ബാധിച്ചു. ഗൗരവത്തോടെ കണ്ടില്ലെങ്കിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നുമുണ്ടാകില്ലെന്നും ക്യാമ്പിൽ പങ്കെടുത്ത വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ മുന്നറിയിപ്പ്‌ നൽകി.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ കുറഞ്ഞ വോട്ടുകൾ തദ്ദേശ വാർഡുകളിലായി വീതിച്ചുനോക്കിയാൽ മാത്രംമതി എത്രമാത്രം പിന്നിലാണ്‌ തങ്ങളെന്ന്‌ മനസിലാകുമെന്ന്‌ മുതിർന്ന ചില നേതാക്കൾ ചൂണ്ടിക്കാട്ടി. വാർഡുതലത്തിൽ നോട്ടീസ്‌ അടിച്ച്‌ കമ്മിറ്റികൾ വിളിക്കാനുള്ള നിർദേശം എങ്ങനെ നടപ്പാകുമെന്ന്‌ കണ്ടറിയണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ലക്ഷ്യമിട്ട്‌ നേതാക്കൾ വിമർശിച്ചു. ശിങ്കിടികൾ എഴുതിക്കൊടുക്കുന്നത്‌ വായിക്കുക മാത്രമാണ്‌ സുധാകരൻ ചെയ്യുന്നത്‌. മറ്റൊന്നിനും കഴിയുന്നില്ല. ക്യാമ്പ്‌ തുടങ്ങിയ സമയത്ത്‌ കെ സി വേണുഗോപാലിനെ ഉദ്ഘാടനത്തിന്‌ വിളിക്കേണ്ടതിന്‌ പകരം ‘ചർച്ച നടത്താൻ ക്ഷണിക്കുന്നു’ എന്ന്‌ സുധാകരൻ പ്രഖ്യാപിച്ചത്‌ ക്യാമ്പിൽ ചിരിപടർത്തിയിരുന്നു.

ഷാനിമോൾ ഉസ്‌മാൻ, ശരച്ചന്ദ്രപ്രസാദ്‌, കെ സി ജോസഫ്‌ അടക്കമുള്ളവർ കൂടോത്രം പോലുള്ള നാണംകെട്ട വിഷയങ്ങൾ ചർച്ച ചെയ്യേണ്ടിവരുന്നതിലെ ഗതികേട്‌ ചൂണ്ടിക്കാട്ടി. എ ഗ്രൂപ്പ്‌ നേതാക്കൾ തങ്ങളെ അവഗണിക്കുന്നതിലുള്ള പരിഭവം ക്യാമ്പിലും ഉന്നയിച്ചു. രാഷ്‌ട്രീയകാര്യസമിതിയിലും കൂടോത്രമടക്കം കെപിസിസി ഓഫീസിൽ നടക്കുന്ന ‘ദുഷ്‌കർമങ്ങൾ’ വിമർശനവിധേയമായെന്നും പറയുന്നുണ്ട്‌. തെരഞ്ഞെടുപ്പ്‌ വിജയിച്ച സാഹചര്യം പറഞ്ഞ്‌ കെ സുധാകരനെ നീക്കാത്തിലുള്ള അതൃപ്തിയാണ്‌ സതീശൻ ക്യാമ്പിലുള്ളവർ പ്രകടിപ്പിച്ചത്‌.

അതേസമയം ക്യാമ്പിൽ വ്യക്തിപരമായ ഒരു വിമർശനവും നടന്നിട്ടില്ലെന്നും തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ നീക്കമാണ്‌ വാർത്തകൾക്ക്‌ പിന്നിലെന്നും കെ സുധാകരനും ടി എൻ പ്രതാപനും പ്രസ്‌താവനയിൽ അറിയിച്ചു.


തോൽവി ചർച്ചചെയ്യാൻ 
താൽപ്പര്യമില്ല ; വിട്ടുനിന്നതിന്‌ കെ മുരളീധരന്റെ മറുപടി
കഴിഞ്ഞുപോയ കാര്യങ്ങൾ ചർച്ചചെയ്യുന്നതിൽ താൽപ്പര്യമില്ലാത്തതിനാലാണ്‌ സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പിൽ പങ്കെടുക്കാതിരുന്നതെന്ന്‌ കെ മുരളീധരൻ. തൃശൂരിലെ തോൽവിയെക്കുറിച്ച്‌  തർക്കിച്ചിട്ടോ ചർച്ചചെയ്‌തിട്ടോ പ്രയോജനമില്ല. എനിക്കെതിരെ ക്യാമ്പിൽ ചിലർ വിമർശം ഉന്നയിച്ചുവെന്നൊക്കെ പത്രത്തിൽ വായിച്ചു. അക്കൂട്ടത്തിൽ പരാമർശിക്കപ്പെട്ട ടി എൻ പ്രതാപനും ഷാനിമോളും അത്തരം കാര്യം ഉന്നയിച്ചിട്ടേയില്ലെന്നാണ്‌ പറഞ്ഞത്‌. കോഴിക്കോട്ട്‌ ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്‌മരണം ഉദ്‌ഘാടനംചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

കൂട്ടത്തിലുള്ള കുബുദ്ധികളെ 
സൂക്ഷിക്കണം: കെ സി വേണുഗോപാൽ
മാധ്യമങ്ങൾക്ക്‌ വാർത്ത നൽകുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മാധ്യമങ്ങൾക്ക്​ തെറ്റായ വാർത്തകൾ നൽകുന്ന ചില കുബുദ്ധികൾ നമ്മുടെ കൂട്ടത്തിലുണ്ടെന്നും അവർ ആ പരിപാടി അവസാനിപ്പിക്കുന്നതാണ്​ നല്ലതെന്നും കോട്ടയം ഡിസിസിയുടെ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു.

കെപിസിസി നേതൃക്യാമ്പിൽകെ മുരളീധരനെ വിമർശിച്ചെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടെന്നുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ്‌ വേണുഗോപാലിന്റെ മുന്നറിയിപ്പ്‌. മാധ്യമങ്ങൾക്ക്‌​ ഇത്തരം വാർത്തകൾ എത്തിച്ചുകൊടുക്കുന്നവർ സൂക്ഷിക്കണമെന്നും അവരെ കണ്ടുപിടിക്കാനുള്ള സംവിധാനം പാർടി ഒരുക്കുമെന്നും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top