കൊച്ചി
കെഎസ്‌ഇബിയിലെ കോൺഗ്രസ് അനുകൂല സംഘടനയിലെ ഐ ഗ്രൂപ്പ് നേതാക്കൾ വ്യാജരേഖ ചമച്ച് ആനുകൂല്യങ്ങൾ നേടിയതായി പരാതി. കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ വിട്ട എ ഗ്രൂപ്പ് പ്രവർത്തകരാണ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജോഫി പി ജോയിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കേരള പവർ ബോർഡ് ഓഫീസേഴ്‌സ് ഫെഡറേഷനിലെ ഐ ഗ്രൂപ്പ് നേതാക്കൾ അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചതായും പരാതിയിലുണ്ട്. സംഘടനയിൽ ഇരുനൂറോളം അംഗങ്ങൾ മാത്രമാണുള്ളത്. എന്നാൽ, 1400 പേർ അംഗങ്ങളായി വ്യാജ അംഗത്വ ലിസ്റ്റും വ്യാജ നിയമാവലിയും വ്യാജരേഖകളും നൽകി കെഎസ്‌ഇബി-യെ കബളിപ്പിച്ച് വ്യക്തിപരമായി ആനുകൂല്യം കൈപ്പറ്റി.
സംഘടനയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പാൻകാർഡും നിയാമാവലിയും വ്യാജമായി ചമച്ച് സ്ഥലംമാറ്റത്തിൽനിന്ന് സംരക്ഷണം നേടിയതായും ഡിജിപിക്കും വെദ്യുതിബോർഡ് ചെയർമാനും പരാതി നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ പേര് സംഘടനയുടെ എറണാകുളത്തെ ഓഫീസിന് നൽകുന്നതിനെ തുടർന്നുണ്ടായ ഭിന്നിപ്പുമൂലം കഴിഞ്ഞമാസമാണ് സംഘടന പിളർന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് ജോഫി പി ജോയിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പുകാർ ഫെഡറേഷൻ വിട്ട് പ്രത്യേക വിഭാഗമായി പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 2023 ഡിസംബറിൽ ചേർന്ന സംഘടനാ പൊതുയോഗത്തിൽ ഓഫീസിന് ഉമ്മൻചാണ്ടിയുടെ പേര് നൽകാൻ തീരുമാനിച്ചതാണ്. എന്നാൽ, ഐ ഗ്രൂപ്പ് നേതാക്കൾ തീരുമാനം വൈകിപ്പിക്കുകയായിരുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..