24 November Sunday

സുധാകരനെതിരെ ഹസന്റെ നീക്കം: ഡിസിസി യോഗങ്ങളിൽ സതീശന്‌ പങ്കെടുക്കാം

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2024

തിരുവനന്തപുരം> വയനാട്ടിലെ കെപിസിസി നേതൃയോഗതീരുമാനങ്ങളുടെ പേരിൽ കെ സുധാകരൻ–-വി ഡി സതീശൻ തർക്കം തുടരുന്നതിനിടെ സുധാകരനെതിരെ തിരിഞ്ഞ്‌ എം എം ഹസൻ. കെ സുധാകരൻ കെപിസിസി ഭാരവാഹികളുടെ ഓൺലൈൻയോഗം വിളിച്ചത്‌ സതീശനെതിരെയാണ്‌ എന്നാണ്‌ ഹസൻ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്‌. ഹസനും സുധാകരനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ സംസാരം.

കോൺഗ്രസിൽ ഐക്യമില്ലെന്ന സന്ദേശമാണ്‌ സുധാകരൻ നൽകിയതെന്നാണ്‌ ഹസൻ പറയാതെ പറയുന്നത്‌. നിലവിൽ ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികൾക്കുപുറമേ ചില നേതാക്കൾക്ക്‌ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിട്ടുണ്ട്‌. ഇക്കാര്യത്തിൽ ഓൺലൈൻ യോഗം വിളിച്ചത്‌ തെറ്റാണെന്നാണ്‌ ഹസൻ ഒരു മാധ്യമത്തോട്‌ പറഞ്ഞത്‌.

ഉമ്മൻചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ടും സുധാകരനെതിരെയാണ്‌ ഹസന്റെ വിമർശം. കെപിസിസി വേണ്ടവിധം ഉമ്മൻചാണ്ടിയെ അനുസ്മരിച്ചില്ലെന്നാണ്‌ കുറ്റപ്പെടുത്തൽ. അവസാന നിമിഷമാണ്‌ തിരുവനന്തപുരത്ത്‌ പരിപാടി നടന്നത്‌. തന്നെ വിളിച്ചെങ്കിലും പോയില്ല. കോട്ടയം ഡിസിസിയുടെ അനുസ്‌മരണ പരിപാടിയുമായി സഹകരിക്കുക മാത്രമാണ്‌ ചെയ്തതെന്നും ഹസൻ പറഞ്ഞു.

മിഷൻ 2025നോട്‌ ബന്ധപ്പെട്ട ഡിസിസി യോഗങ്ങളിൽ പങ്കെടുക്കണമെന്ന്‌ സതീശനോട്‌ ഹൈക്കമാൻഡ്‌ നിർദേശിച്ചു. ചൊവ്വാഴ്‌ച മലപ്പുറത്ത്‌ നടക്കുന്ന യോഗത്തിൽ സതീശൻ പങ്കെടുക്കും.  സമാന്തര സംഘടനാ പ്രവർത്തനം നടത്തുന്നുവെന്ന വിമർശനം ഉയർന്നതോടെയാണ്‌ സതീശൻ ഡിസിസി യോഗങ്ങളിൽനിന്ന്‌ വിട്ടുനിന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top