കൊച്ചി > ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയുടെ പേരില്‍ സിപിഐ എമ്മിനെതിരെ നുണപ്രചരണവുമായി കോണ്‍ഗ്രസ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടുമൊത്തുള്ള തൃപ്തിയുടെ ചിത്രം ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ നുണപ്രചരണം അഴിച്ചുവിടുന്നത്. 'തൃപ്തി ദേശായിയുടെ രണ്ടാം വരവിന് പിന്നിലും സിപിഎമ്മോ' എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദ് നുണവാര്‍ത്ത ചമക്കുകയും ചെയ്തു.
2019 ജനുവരിയില്‍ പുനെയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സന്‍സദ് എന്ന പരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണത്തോടെയാണ് പ്രതിനിധിയായി തൃപ്തി ദേശായ് പങ്കെടുത്തത്. അതേ പരിപാടിയില്‍ എത്തിയ ബൃന്ദ കാരാട്ടുമായും മറ്റ് രാഷ്ട്രീയനേതാക്കളുമൊത്തും തൃപ്തി ഫോട്ടോ എടുക്കുകയുണ്ടായി. ഇതിനെയാണ് കോണ്‍ഗ്രസ് സൈബര്‍കൂട്ടം തൃപ്തി-സിപിഐ എം ബന്ധമെന്ന മട്ടില്‍ ചിത്രീകരിക്കുന്നത്.
കഴിഞ്ഞ മണ്ഡലകാലത്ത് സംഘപരിവാര്‍ പയറ്റി ഉപേക്ഷിച്ചുപോയ നുണപ്രചരണമാണ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല, തൃപ്തി ദേശായിയുടെ സംഘപരിവാര്‍ ബന്ധത്തെക്കുറിച്ച് ഒരക്ഷരം പറയാനും കോണ്‍ഗ്രസ് സൈബര്‍സംഘം ധൈര്യപ്പെടുന്നില്ല. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതൃത്വവുമായും സംഘപരിവാര്‍ നേതൃത്വവുമായും അടുത്ത ബന്ധമാണ് വര്‍ഷങ്ങളായി ഇവര്‍ക്കുള്ളത്.
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പരങ്‌റാവു കദം തൃ്പതിയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരികയും, 2012 ല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ബാലാജിവാര്‍ഡില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തൃപ്ചി ദേശായി മത്സരിക്കുകയും ചെയ്തതാണ്.
സ്ത്രീകളുടെ ക്ഷേത്രപ്രവേശന സമരങ്ങളിലൂടെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി, ദേവേന്ദ്ര ഫഡ്‌നവിസ് തുടങ്ങിയ സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധം തൃപ്തി നേടിയെടുത്തു. ശനിക്ഷേത്രത്തില്‍ ഭൂമാതാ ബ്രിഗേഡ് ആയിരക്കണക്കിന് സ്ത്രീകളെ അണിനിരത്തി നടത്തിയ സമരത്തിന് സംഘപരിവാറിന്റെ സാമ്പത്തിക സഹായമടക്കം ലഭിച്ചതായി വിവരമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..