15 November Friday
തിരുവനന്തപുരത്ത്‌ ഓഫീസ്‌ തുറന്ന്‌ മുരളീധരൻ

ആദ്യപടയൊരുക്കം ഡിസിസിക്കെതിരെ

സ്വന്തം ലേഖകൻUpdated: Monday Jul 15, 2024

photo credit: facebook

തിരുവനന്തപുരം> തൃശൂരിലെ തോൽവിക്കുശേഷം തലസ്ഥാനത്തേക്ക്‌ പ്രവർത്തനംമാറ്റിയ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരനൊപ്പംചേർന്ന്‌ നേതാക്കൾക്കെതിരെ പടപ്പുറപ്പാടുമായി ഒരു വിഭാഗംപേർ. ഡിസിസി, കെപിസിസി നേതൃത്വത്തിനോടും പ്രതിപക്ഷ നേതാവിനോടും ഇടഞ്ഞുനിൽക്കുന്നവരാണ്‌ മുരളീധരനെ മുന്നിൽനിർത്തി പടനയിക്കാൻ ഒരുങ്ങുന്നത്‌.
 
ശനിയാഴ്‌ച ആര്യനാട്‌ മണ്ഡലം കമ്മിറ്റി നെയ്യാർഡാമിൽ സംഘടിപ്പിച്ച പഠനശിബിരം ഉദ്‌ഘാടനം ചെയ്ത്‌ മുരളീധരൻ പോരിന്‌ തുടക്കംകുറിച്ചു. മടങ്ങിവരവിൽ ലഭിച്ച ആദ്യപരിപാടിയായിരുന്നു പഠനശിബിരം. ഡിസിസിയുടെ അനുമതിയില്ലാതെയാണ്‌ ആര്യനാട്‌ മണ്ഡലം കമ്മിറ്റി  മുരളീധരനെ ഉദ്‌ഘാടകനാക്കിയത്‌. നേതൃത്വത്തിനെതിരെയും പുനഃസംഘടന നടത്താത്തതിനെയും ഉദ്‌ഘാടനപ്രസംഗത്തിൽ മുരളീധരൻ രൂക്ഷമായി വിമർശിച്ചു.
  
തലസ്ഥാനത്തേക്കുള്ള മടങ്ങിയെത്തിയ മുരളീധരൻ അണികൾക്കിടയിൽ നടത്തുന്ന ഇടപെടലിൽ ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി ഉൾപ്പെടെയുള്ളവർക്ക്‌ അതൃപ്തിയുണ്ട്‌. ആര്യനാട്‌ മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിൽ ക്ഷണമുണ്ടായിട്ടും പാലോട്‌ രവി പങ്കെടുത്തില്ല. തന്റെ പേരുവച്ചില്ലെന്നുപറഞ്ഞ്‌, ക്ഷണിക്കാനെത്തിയവരുടെ നേർക്ക്‌ അദ്ദേഹം പരിപാടിയുടെ നോട്ടീസ്‌ വലിച്ചെറിഞ്ഞു. ഗാന്ധിയുടേയും നെഹ്‌റുവിന്റേയും ചിത്രം ഉൾപ്പെട്ട നോട്ടീസ്‌ വലിച്ചെറിഞ്ഞ ഡിസിസി പ്രസിഡന്റിനെതിരേ എഐസിസിക്ക്‌ പരാതി നൽകാൻ ഒരുങ്ങുകയാണ്‌ ഒരുവിഭാഗം. നിലവിലെ സംഘടനാ രീതിയേയും പ്രവർത്തന ശൈലിയേയും പഠനശിബിരത്തിൽ വിമർശിച്ച മുരളീധരൻ മാധ്യമങ്ങൾക്കുമുന്നിലും ഇത്‌ ആവർത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കേ മുരളീധരന്റെ വിമർശങ്ങൾ ദോഷം ചെയ്യുമെന്ന്‌ മറുവിഭാഗം നേതൃത്വത്തെ അറിയിക്കും.
 
തിരുവനന്തപുരത്ത്‌ നേതാക്കളെയും പ്രവർത്തകരെയും കാണാൻ തിരുവനന്തപുരം പിഎംജി ജങ്‌ഷനിൽ മുരളീധരൻ വീണ്ടും ഓഫീസ്‌ സജ്ജമാക്കി. വിവിധ നേതാക്കളും പ്രവർത്തകരുമായി കൂടിക്കാഴ്‌ചയും നടത്തുന്നുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ്‌ യോഗങ്ങൾ വിളിച്ചുചേർക്കാനും അദ്ദേഹം നിർദേശിച്ചു. ഡിസിസിയെ മറികടന്നുള്ള മുരളീധരന്റെ നീക്കം കെപിസിസിയുടേയും എഐസിസിയുടേയും ശ്രദ്ധയിൽപ്പെടുത്താൻ ഒരുങ്ങുകയാണ്‌ ജില്ലാനേതൃത്വം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top