23 December Monday
അൻവറിനുപിന്നിൽ വലത്‌ കൂട്ടുമുന്നണി

അൻവർ വലതുപക്ഷത്തിന്റെ കോടാലിക്കൈ: എം വി ഗോവിന്ദൻ

പ്രത്യേക ലേഖകൻUpdated: Tuesday Oct 1, 2024


കണ്ണൂർ
പി വി അൻവറിനുപിന്നിൽ കോൺഗ്രസ്‌, മുസ്ലിംലീഗ്‌, എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വലത്‌ കൂട്ടുമുന്നണിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പയ്യാമ്പലത്ത്‌ കോടിയേരി ബാലകൃഷ്‌ണൻ അനുസ്മരണം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

അൻവർ വലതുപക്ഷ മാധ്യമങ്ങളുടെയും പ്രതിപക്ഷ പാർടികളുടെയും കോടാലിക്കൈയായി മാറി. സിപിഐ എമ്മിനെയും മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും കടന്നാക്രമിക്കാനാണ്‌ ശ്രമം. ഇതിനെ ചെറുത്തുതോൽപ്പിക്കാനുള്ള കരുത്ത്‌ പാർടിക്കുണ്ട്‌. ആരൊക്കെ കൊമ്പുകുലുക്കിയാലും സിപിഐ എമ്മിനെ തകർക്കാനാകില്ല. പാർടിയെ സ്നേഹിക്കുന്ന ജനങ്ങളും പ്രവർത്തകരുമാണ്‌ കരുത്ത്‌. ശരിയായ രീതിയിൽ ആര്‌ ആക്ഷേപമുന്നയിച്ചാലും പരിശോധിക്കുന്ന സമീപനമാണ്‌ സർക്കാരിനും സിപിഐ എമ്മിനും. അൻവർ ഉന്നയിച്ച ആരോപണങ്ങൾ സംസ്ഥാന പൊലീസ്‌ മേധാവിയുടെ നേരിട്ടുള്ള ചുമതലയിലാണ്‌ അന്വേഷിക്കുന്നത്‌. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകാനാണ്‌ നിർദേശിച്ചിട്ടുള്ളത്‌.

റിപ്പോർട്ട്‌ കിട്ടിയാലുടൻ, എഡിജിപി ഉൾപ്പെടെയുള്ളവരിൽ ആര്‌ കുറ്റക്കാരാണെങ്കിലും നടപടിയുണ്ടാകും. ഇതിനൊന്നും കാത്തുനിൽക്കാതെയാണ്‌ അൻവർ രംഗത്തിറങ്ങിയത്‌. ഇടതുമല്ല, വലതുമല്ലായെന്ന്‌  വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇടതുബന്ധം വിച്ഛേദിക്കുന്നുവെന്ന്‌ പറഞ്ഞു. നിലമ്പൂരിൽ പൊതുയോഗം നടത്തിയത്‌ എസ്‌ഡിപിഐ–-ജമാഅത്തെ ഇസ്ലാമി പിന്തുണയോടെയാണ്‌. അവർക്കൊപ്പം കോൺഗ്രസും  ലീഗും ചേർന്നു. രണ്ടായിരത്തോളംപേർ പങ്കെടുത്തെന്നുപറയുന്ന പൊതുയോഗത്തിൽ സിപിഐ എമ്മുമായി ബന്ധമുള്ളവർ അപൂർവമാണ്‌. അഞ്ച്‌ വർഷംമുമ്പ്‌ പാർടിയിൽനിന്ന്‌ പുറത്തായ ഒരാളും പാർടിയുമായി ബന്ധമില്ലാത്ത മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ്‌ ആകെയുണ്ടായത്‌. കോഴിക്കോട്ടെ പരിപാടിയിൽ 300 പേർ തികച്ചുണ്ടായില്ല. ഇതോടെ, തൊണ്ടവേദനയാണെന്നും രണ്ടു ദിവസത്തെ പൊതുപരിപാടി റദ്ദാക്കുകയാണെന്നും അൻവർ പറയുന്നു.

ജനങ്ങൾക്കിടയിൽ വർഗീയചേരിതിരിവ്‌ സൃഷ്ടിക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. ഇതിൽ ഭൂരിപക്ഷ വർഗീയതയോടൊപ്പം ന്യൂനപക്ഷ വർഗീയതയുമുണ്ട്‌. രണ്ട്‌ വർഗീയതകളെയും ചെറുത്തുതോൽപ്പിച്ച്‌ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ പൊതുസമൂഹം  ജാഗ്രത കാട്ടണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top