കാസര്‍കോട്> നിയമസഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുമ്പ് തന്നെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിവിധ ജില്ലകളില്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ രാജിവയ്ക്കുന്നത് തുടരുകയാണ്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ലെന്നും രാജിവച്ചവര്‍ പ്രതികരിച്ചു
നിലമ്പൂരില്‍ ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് ഒരു വിഭാഗം രംഗത്തുവന്നത്. അവസാന നിമിഷം വരെ സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിച്ചിരുന്ന ഡിസിസി പ്രസിഡന്റ് വി വി പ്രകാശിനെ മാറ്റിയതിനെതിരെയാണ് പ്രതിഷേധം.
കാസര്‍കോട്ടും നിലമ്പൂരും ഇടുക്കിയിലും ഇരിക്കൂറും ചാലക്കുടിയിലും പാലക്കാടുമാണ് കോണ്‍ഗ്രസില്‍ ഭിന്നത മറനീക്കി പുറത്തുവന്നത്. കാസര്‍കോട്ട് ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ പത്ത് പേര്‍ രാജിസന്നദ്ധത അറിയിച്ചതാണ് റിപ്പോര്‍ട്ടുകള്‍. തൃക്കരിപ്പൂര്‍ മണ്ഡലം പി ജെ ജോസഫിന് നല്‍കിയതിലും ഉദുമ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിലുമാണ് പ്രതിഷേധം.
നിലമ്പൂരില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിവി പ്രകാശും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഇടുക്കിയില്‍ ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജിഭീഷണി മുഴക്കിയത്.
ഡിസിസി മുന്‍ പ്രസിഡന്റ് റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചതിലാണ് ഇടുക്കിയില്‍ പ്രമുഖര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നത്.5 ബ്ലോക്ക് പ്രസിഡന്റുമാര്‍, 40 മണ്ഡലം പ്രസിഡന്റുമാര്‍, 15 ഡിസിസി ഭാരവാഹികള്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിവര്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
റോയ് കെ പൗലോസിനെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തിന്റെ വസതിയില്‍ രഹസ്യയോഗം ചേര്‍ന്നു.
ഇരിക്കൂറില്‍ ഓഫീസ് പൂട്ടി
ഇരിക്കൂറില്‍ കെ സി വേണുഗോപാലിന്റെ അനുയായി സജീവ് ജോസഫിന്റെ പേര് വന്നതോടെയാണ് എ ഗ്രൂപ്പ് പ്രതിഷേധവുമായി ഇറങ്ങിയത്. ശ്രീകണ്ഠപുരത്തെ ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാഭവനും കരുവഞ്ചാലിലുള്ള ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും പൂട്ടി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റിയനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം.
പാലക്കാട്ട് തുറന്നപോര്
പുകച്ച് പുറത്തുചാടിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പറഞ്ഞു. പാര്‍ടിയില്‍ മാറ്റം അനിവാര്യമാണ്. പുനഃസംഘടന ഉണ്ടായേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടിയില്‍ രാജി
കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്റെ പേര് ചാനലുകളില്‍ പ്രചരിച്ചതോടെയാണ് ചാലക്കുടിയില്‍ പ്രതിഷേധം ഉയര്‍ന്നത്. 33 ബൂത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു സ്ഥാനാര്‍ഥികളെ നൂലില്‍ കെട്ടിയിറക്കിയാല്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നും ചാലക്കുടിക്കാരനായ സ്ഥാനാര്‍ഥിതന്നെ വേണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എം പി ജാക്സന് സീറ്റ് നല്‍കാത്തതില്‍ ഇരിങ്ങാലക്കുടയിലും കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..