04 December Wednesday
കമീഷണർ ഓഫീസ്‌ മാർച്ച്‌ അക്രമാസക്തം

കൊലവിളിയുമായി പ്രതിപക്ഷനേതാവും കോൺഗ്രസ്‌ നേതാക്കളും

സ്വന്തം ലേഖകൻUpdated: Tuesday Dec 3, 2024

കോഴിക്കോട്‌> സിറ്റി പൊലീസ്‌ കമീഷണർ ഓഫീസിലേക്ക്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ പൊലീസിനുനേരെ അക്രമവും കൊലവിളിയും. ചേവായൂർ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്‌, തെരഞ്ഞെടുപ്പ്‌  റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ നടത്തിയ മാർച്ചിലാണ്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്കുനേരെ  പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കളും പ്രവർത്തകരും കൊലവിളിയും അസഭ്യവർഷവും നടത്തിയത്‌. പ്രകോപനപരമായ മുദ്രാവാക്യവുമായി കമീഷണർ ഓഫീസിലേക്കെത്തിയ പ്രവർത്തകരെ സിഎസ്‌ഐ പള്ളിക്ക്‌ സമീപത്തായി ബാരിക്കേഡ്‌ കെട്ടി  പൊലീസ്‌ തടഞ്ഞു.

കരിങ്കല്ലുകളും വടികളുമായാണ്‌ പൊലീസിനെ നേരിട്ടത്‌. ജലപീരങ്കി വാഹനത്തിന്റെ സൈഡ്‌ ഗ്ലാസും കണ്ണാടിയും തകർത്തു. ജലപീരങ്കി പ്രയോഗിച്ചിട്ടും അക്രമം തുടർന്നു. കല്ലേറിൽ കുന്നമംഗലം സിഐ എസ്‌ അരുൺ, പന്നിയങ്കര സ്‌റ്റേഷനിലെ ശരത്‌ രാജൻ എന്നിവർക്ക്‌ പരിക്കേറ്റു. പ്രതിപക്ഷ നേതാവിന്റെ ഉദ്‌ഘാടന പ്രസംഗത്തിനുശേഷമായിരുന്നു ആസൂത്രിതമായ അക്രമം.  
 എസിപി എ ഉമേഷ്‌, പൊലീസ്‌ കൺട്രോൾ റൂം എഎസ്‌ഐ ജി എസ്‌ ശ്രീജിഷ്‌   എന്നിവരെ പേരെടുത്തുപറഞ്ഞ്‌ നേതാക്കൾ  ഭീഷണി മുഴക്കി.

‘‘ഭരണം മാറിയാൽ നിങ്ങളെയൊക്ക കാണിച്ചുതരാമെടാ. നിങ്ങളുടെയൊക്കെ വീടും വീട്ടുകാരും ആരെന്ന്‌ ഞങ്ങൾക്കറിയാം’’എന്നായിരുന്നു ഡിസിസി സെക്രട്ടറി നിജേഷ്‌ അരവിന്ദിന്റെ കൊലവിളി. പിന്നാലെ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറും ഭീഷണി ആവർത്തിച്ചു. ‘‘ഞങ്ങളെ അടിക്കുന്ന പൊലീസുകാരന്റെ വീടിനുമുന്നിൽ ഞങ്ങൾ എത്തിയിരിക്കും. അടുത്ത സമരം ഉമേഷിന്റെ വീടിന്‌ മുന്നിലാണ്‌. ഞങ്ങൾക്കെതിരെ കൈയുയർത്തിയാൽ 2026 കഴിഞ്ഞാൽ നിങ്ങൾക്ക്‌ പെൻഷനുണ്ടാവില്ല’’–-  ഡിസിസി പ്രസിഡന്റ്‌ ഭീഷണിമുഴക്കി. വി ഡി സതീശനും ഭീഷണി സ്വരത്തിലാണ്‌ സംസാരിച്ചത്‌.

നിങ്ങളെയൊക്കെ ഞങ്ങൾക്കറിയാം. ഇപ്പോൾ അത്രയും മതിയല്ലോ എന്നായിരുന്നു ഉദ്‌ഘാടകനായ പ്രതിപക്ഷനേതാവ്‌   സതീശന്റെ മുന്നറിയിപ്പ്‌. അക്രമം തുടർന്നതോടെ പ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌തുനീക്കി. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ് എംഎൽഎ, ജനറൽ സെക്രട്ടറി പി എം നിയാസ്, എൻ സുബ്രഹ്മണ്യൻ, കെ സി അബു, കെ ബാലനാരായണൻ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top